കായംകുളം ഡിവൈഎഫ്ഐയിലും എസ്എഫ്ഐയിലും ‘കലിംഗാധിപത്യ’മെന്ന് ആക്ഷേപം
Mail This Article
ആലപ്പുഴ ∙ കായംകുളം മേഖലയിലെ ചില ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയതായി ആക്ഷേപം. നിഖിൽ തോമസ് പിടിയിലായതിനു പിന്നാലെ സിപിഎം സൈബർ ഗ്രൂപ്പുകൾ തന്നെ ഈ വ്യാജബിരുദക്കാരെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടു തുടങ്ങി.
കലിംഗയിൽനിന്നു ബിരുദവും എൽഎൽബിയും നേടിയിട്ടുണ്ടെന്നു ഫെയ്സ്ബുക് പ്രൊഫൈലിൽ അവകാശപ്പെട്ടിരുന്ന ചില നേതാക്കൾ നിഖിൽ കേസ് വിവാദമായതോടെ പ്രൊഫൈൽ തിരുത്തി കലിംഗയെ ഒഴിവാക്കി. രാഷ്ട്രീയ സംഘട്ടനക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ എഫ്ബി പ്രൊഫൈലിൽ ഇപ്പോഴും കലിംഗയുടെ ബിഎ എൽഎൽബി ബിരുദധാരി എന്നുണ്ട്.
നിഖിലിന്റെ അടുത്ത സുഹൃത്താണ്. കഴിഞ്ഞ ദിവസം നിഖിലിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കോടതി പരിസരത്തുണ്ടായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം അബിൻ സി.രാജാണ് എറണാകുളത്തെ ഏജൻസി വഴി വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയതെന്നാണു നിഖിലിന്റെ മൊഴി. മറ്റു പലർക്കും അബിൻ ഈ ‘സഹായം’ ചെയ്തിട്ടുണ്ടെന്നാണു വിവരം.
English Summary : Allegation of Kalinga supremacy in Kayamkulam DYFI and SFI