ദണ്ഡ് കൈമാറി അധികാരമാറ്റം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ അധികാരക്കൈമാറ്റം പൂർത്തിയാകുന്നതു സ്ഥാനമൊഴിയുന്ന ഡിജിപി സ്ഥാനമേൽക്കുന്ന ഡിജിപിക്ക് ‘അധികാര ദണ്ഡ് ’ ഇന്നു വൈകിട്ട് അഞ്ചിന് കൈമാറുന്നതോടെ. ഇൗ ബാറ്റൺ ഡിജിപിയുടെ കസേരയുടെ പിന്നിൽ കണ്ണാടിക്കൂട്ടിൽ വയ്ക്കും. ഇത് ഇനി അടുത്ത അധികാരക്കൈമാറ്റത്തിനു മാത്രമേ പുറത്തെടുക്കൂ.
സംസ്ഥാനത്ത് ഡിജിപി റാങ്കിൽ നാലു പേരുണ്ട്. ശമ്പളത്തിലോ പരിഗണനകളിലോ വലിയ വ്യത്യാസമില്ല. ശമ്പളത്തിൽ മറ്റു ഡിജിപി റാങ്കിലുള്ളവരെക്കാൾ 500 രൂപയോളമാണു പൊലീസ് മേധാവിക്കു കൂടുതൽ കിട്ടുക. മൂന്നു സ്റ്റാറുകളാണു ഡിജിപിയുടെ യൂണിഫോമിലും കാറിലും കാറിലെ ഫ്ലാഗിലുമുള്ളത്. എഡിജിപിമാർക്കും ഇതുതന്നെയാണ്. യൂണിഫോമിൽ തോളിൽ വാളും ബാറ്റണും ഉൾപ്പെടുന്ന ക്രോസും അശോകസ്തംഭവുമുണ്ടാവും. ഡിജിപിമാർക്കും എഡിജിപിമാർക്കും ഷർട്ടിന്റെ കോളറിലാണു നക്ഷത്രങ്ങൾ.
പൊലീസ് മേധാവിയായി മൂന്നുപേരുടെ പട്ടികയിൽനിന്നു സംസ്ഥാന സർക്കാർ ഒരാളെ തീരുമാനിച്ചാൽ പിന്നീട് അദ്ദേഹത്തെക്കാൾ സീനിയറായി ഡിജിപി റാങ്കിലുള്ളയാൾ സർവീസിൽ ഉണ്ടെങ്കിൽ പൊലീസ് സേനയിൽ നിന്നു മറ്റു തസ്തികയിലേക്കു മാറ്റുകയാണു രീതി. എങ്കിലും തന്നെക്കാൾ സീനിയറായ ഡിജിപി റാങ്കിലുള്ളയാളെ കണ്ടാൽ സംസ്ഥാന പൊലീസ് മേധാവി സല്യൂട്ട് നൽകണം.
കരസേനാമേധാവിയുടെ തൊട്ടുതാഴെയുള്ള ലഫ്റ്റനന്റ് ജനറലിനു തുല്യമാണു ഡിജിപിയുടെ റാങ്ക്. സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ എല്ലാ പൊലീസ് വിഭാഗങ്ങൾക്കും തലപ്പത്തു ഡിജിപി റാങ്കിലുള്ളവരാണ്. ഇതിലും കൂടിയ റാങ്കുള്ളതു രാജ്യത്തു 3 പേർക്കു മാത്രം–സംയുക്ത സേനാ മേധാവിക്കും കരസേനാ മേധാവിക്കും ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവിക്കും നാലു നക്ഷത്രമാണു റാങ്ക്. അപൂർവമായി നൽകുന്ന ഫീൽഡ് മാർഷൽ പദവിക്കാണ് 5 നക്ഷത്രങ്ങൾ. പൊലീസിന്റെയും കരസേനയുടെയും റാങ്കുകൾ തമ്മിലാണു കൂടുതൽ സാമ്യം. നാവിക സേനയിലും വ്യോമസേനയിലും ഇൗ ശ്രേണിയിൽ മറ്റുചില ചിഹ്നങ്ങളാണുള്ളത്.
ആജ്ഞാശക്തിയോടെ കമാൻഡ് ചെയ്യുന്നതിന് അധികാരമുള്ളതു ഡിഐജി മുതൽ മുകളിലേക്കുള്ള ‘ജനറൽ’ പട്ടികയിൽ വരുന്നവർക്കാണ്. താഴെയുള്ള മറ്റെല്ലാ ഓഫിസർമാരും ഫീൽഡ് വിഭാഗത്തിൽ എന്നാണു പൊലീസിലെ ശ്രേണി. ഡിഐജി മുതൽ മുകളിലേക്കുള്ളവർക്ക് ആദർമർപ്പിക്കുന്നതിനു മാത്രമേ പൊലീസ് ബ്യൂഗിൾ മുഴക്കാറുള്ളൂ.
English Summary : Transfer of power through power baton