6 തവണയെങ്കിലും സിപിഎം വധിക്കാൻ ശ്രമിച്ചു: സുധാകരൻ
Mail This Article
തിരുവനന്തപുരം ∙ സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസുകളിലെ സാക്ഷികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതുമൂലം ഒരു കേസിൽ പോലും പ്രതികളെ ശിക്ഷിച്ചില്ലെന്നും കൊല്ലാൻ ഗൂഢാലോചന നടത്തിയവർ ഇന്നു സിപിഎമ്മിലും സർക്കാരിലും ഉന്നത സ്ഥാനങ്ങളിലുണ്ടെന്നും സുധാകരൻ പറഞ്ഞു.
സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവുമാണു കൊലപാതക ശ്രമങ്ങൾ അതിജീവിക്കാൻ സഹായിച്ചത്. ഇപ്പോൾ തനിക്കെതിരെ മൊഴി നൽകിയ പ്രശാന്ത് ബാബു സിപിഎമ്മിന്റെ കോട്ടയായ കൂത്തുപറമ്പിൽ വീടുവാങ്ങിയപ്പോൾ ഗൃഹപ്രവേശത്തിനു തന്നെ നിർബന്ധപൂർവം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോൾ ഒരു സിപിഎമ്മുകാരൻ തന്റെ പിഎയെ വിളിച്ചു വിലക്കി.
നിജസ്ഥിതി അറിയാൻ ഒരു കോൺഗ്രസ് പ്രവർത്തകനെ സൈക്കിളിൽ അയച്ചു. വഴിയിലെ ക്വാറിയിൽ ഒരു പറ്റം സിപിഎമ്മുകാർ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് അയാൾ കണ്ടത്. പേരാവൂരിൽ കാറിനു ബോംബെറിഞ്ഞപ്പോൾ സ്യൂട്കെയ്സാണു കവചമായി മാറിയത്. സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ലെന്നും അതിനു ദൈവം വിചാരിക്കണമെന്നും സുധാകരൻ പറഞ്ഞു.
English Summary: CPM had been tried kill me 6 times says K Sudhakaran