വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്റെ ജാമ്യഹർജി തള്ളി
Mail This Article
ആലപ്പുഴ ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ മുൻകൂർ ജാമ്യഹർജി കായംകുളം മജിസ്ട്രേട്ട് കോടതി തള്ളി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിഖിൽ കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂട്ടുപ്രതികളുടെ ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ നിഖിലിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും പരിഗണിച്ചാണ് കോടതി ജാമ്യഹർജി തള്ളിയത്.
കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയ കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 8 ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയെങ്കിലും നിർണായക തെളിവുകളുണ്ടെന്നു കരുതുന്ന നിഖിലിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കേസിലെ 2, 3 പ്രതികളായ അബിൻ സി.രാജ്, സജു എസ്.ശശിധരൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 5 ദിവസം ചോദ്യം ചെയ്തെങ്കിലും ഇവരിൽ നിന്നു കൂടുതൽ വിവരങ്ങൾ കിട്ടിയില്ലെന്നു പൊലീസ് പറയുന്നു.
നിഖിൽ തോമസിനു വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എറണാകുളത്തെ ഏജൻസി ഉടമ സജു എസ്. ശശിധരനെ എറണാകുളത്തെ വീട്ടിലും മുൻപ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലും കൊണ്ടുപോയി പൊലീസ് തെളിവെടുത്തു.
English Summary : Nikhil Thomas's bail plea rejected on fake certificate case