ADVERTISEMENT

തിരുവനന്തപുരം ∙ കൈതോലപ്പായയിൽ 2 കോടിയിലധികം രൂപ സിപിഎം ഉന്നതൻ കടത്തിയെന്നു ഫെയ്സ്ബുക്കിൽ ആരോപണമുന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ ഇതിന്റെ വിശദാംശം പൊലീസിനോടു വെളിപ്പെടുത്താൻ വിസമ്മതിച്ചു. ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാനെത്തിയ ശക്തിധരൻ, ഫെയ്സ്ബുക് പോസ്റ്റിന് അപ്പുറം തനിക്കൊന്നും പറയാനില്ലെന്ന നിലപാടെടുത്തു. ആരോപണത്തിൽ ഉൾപ്പെട്ട ആരുടെയെങ്കിലും പേരു പറയാനോ തെളിവുകൾ നൽകാനോ തയാറായില്ല. ഇതോടെ മുഖ്യമന്ത്രിയെ ഉന്നംവച്ചുള്ള വിവാദത്തിൽ കേസെടുക്കാനുള്ള സാധ്യത മങ്ങി.

കന്റോൺമെന്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന്റെ ദൃശ്യം ചിത്രീകരിച്ച മാധ്യമപ്രവർത്തകരോടു കയർത്ത ശക്തിധരൻ താൻ ഒരു ക്രിമിനലോ പ്രതിയോ അല്ലെന്നോർമിപ്പിച്ചു. ഫെയ്സ്ബുക്കിൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു നിലപാട്. ഇതേ നിലപാട് ഒരു മണിക്കൂറോളം കന്റോൺമെന്റ് എസിപി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്തപ്പോഴും ആവർത്തിച്ചു.

ആരോപണവുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള ചോദ്യങ്ങൾ പൊലീസ് ഉന്നയിച്ചെങ്കിലും ഒന്നിനും മറുപടി നൽകിയില്ല. ‘കൂടുതലൊന്നും പറയാനില്ല’ എന്ന നിലപാടിൽ ഉറച്ചുനിന്നു. ശക്തിധരനെ ഇനി വിളിച്ചുവരുത്തില്ലെന്നു പൊലീസ് പറ‍ഞ്ഞു. പരാതിക്കാരനായ ബെന്നി ബഹനാന്റെ മൊഴിയെടുക്കും. ശക്തിധരന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണു ബെന്നിയുടെ പരാതിയെന്നതിനാൽ പരാതിക്കാരനിൽനിന്നു കൂടുതലൊന്നും പൊലീസിനു കിട്ടാനില്ല. ഈ സാഹചര്യത്തിൽ, അന്വേഷിക്കാൻ തെളിവില്ലെന്ന റിപ്പോർട്ട് നൽകുകയാണു പൊലീസിനു മു‍ൻപിലുള്ള മാർഗം.

സിപിഎം ഉന്നതനും ഇപ്പോഴത്തെ ഒരു മന്ത്രിയും ചേർന്നു 2 കോടിയിലധികം രൂപ കൈതോലപ്പായയിൽ പൊതിഞ്ഞു കൊച്ചിയിൽനിന്നു കാറിൽ തിരുവനന്തപുരത്തേക്കു കടത്തിയെന്നും നോട്ട് എണ്ണിത്തിട്ടപ്പെടുത്തിയതു താനുംകൂടി ചേർന്നാണ് എന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ഈ ഉന്നതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം, ശക്തിധരന്റെ ഫെയ്സ്ബുക് കുറിപ്പിനെച്ചൊല്ലി ചില ദുസ്സൂചനകളോടെയുണ്ടായ പ്രചാരണത്തിൽ മുൻ സിപിഎം നേതാവ് സിന്ധു ജോയി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

English Summary : Shaktidharan did not reveal anything more to police in kaithola paya issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com