ഇനി, വരയോർമ; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഇതിഹാസ ജീവിതം അഗ്നിയിൽ വിലയിച്ചു
Mail This Article
എടപ്പാൾ (മലപ്പുറം) ∙ മഴ ഈറനുടുപ്പിച്ച നാലുകെട്ടിന്റെ തെക്കിനി. തലയ്ക്കൽ ഒരു തിരിയിട്ട നിലവിളക്കിന്റെ തെളിച്ചം. വരച്ചുതകർക്കാൻ പറ്റിയ മനുഷ്യരൂപങ്ങൾ ചുറ്റിലും നിൽക്കെ, നിശ്ശബ്ദമായൊരു നേർവര പോലെ ആർട്ടിസ്റ്റ് നമ്പൂതിരി കിടന്നു. വരയ്ക്കു മുൻപുള്ള ആലോചനയായിരിക്കുമെന്നും ഉണർന്നാൽ പതിവുപോലെ നാലഞ്ചു കോറിവരകൊണ്ടു കൂടിനിന്നവരെ വിസ്മയിപ്പിക്കുമെന്നും വെറുതെ മോഹിക്കാതിരുന്നില്ല. പക്ഷേ, ഇനിയില്ല. പെരുമകൾ കൊണ്ടു സ്വന്തം ജീവിത രേഖാചിത്രം പൂർത്തിയാക്കി ആർട്ടിസ്റ്റ് നമ്പൂതിരി മടങ്ങിയിരിക്കുന്നു. നടുവട്ടം കരുവാട്ട് മനയ്ക്കലെ ‘വരമുറിയും’ ഉമ്മറത്തെ ചാരുകസേരയും ഇനി അനാഥം.
തിരിമുറിയാതെ മഴ പെയ്ത കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു ആസ്വാദക മനസ്സിൽ സങ്കടത്തിന്റെ മിന്നൽ വരഞ്ഞു നമ്പൂതിരി വിടവാങ്ങിയത്. അറിഞ്ഞനിമിഷം മുതൽ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ നടുവട്ടത്തേക്കു വണ്ടികയറി. മഴയും തണുപ്പും ഓറഞ്ച് അലർട്ടുമൊന്നും അവർക്കു ബാധകമായതേയില്ല. ബന്ധുക്കൾ ആദ്യമെത്തി, നാട്ടുകാരും. പിന്നെ പല ദേശങ്ങളിൽനിന്നുള്ളവർ ഓടിക്കിതച്ചെത്തി. പകൽ തെളിഞ്ഞു തുടങ്ങുമ്പോഴേക്കും വന്നവർ വന്നവർ നിന്നു മുറ്റം നിറഞ്ഞിരുന്നു. ഏതൊക്കെയോ നമ്പൂതിരിച്ചിത്രത്തിൽ കണ്ടുമറന്ന പോലെ പരിചിതം അവരിൽ പലരുടെയും രൂപം.
നാലുകെട്ടിന്റെ കിഴക്കിനിക്കോലായയിൽ താൻ വരച്ച എം.ടി വാസുദേവൻ നായരുടെ രേഖാചിത്രവും ശ്രീരാമ പട്ടാഭിഷേക ചിത്രവുമുള്ള ചുമരിനരികെയായിരുന്നു ആ അന്ത്യനിദ്ര. ഭൗതികശരീരം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയിലേക്കു കൊണ്ടുപോയി. അഞ്ചോടെ തിരിച്ചെത്തിച്ചു. അപ്പോഴേക്കും വീട്ടുവളപ്പിൽ ചിത ഒരുങ്ങിയിരുന്നു. അവിടെ നമ്പൂതിരിക്കു ചുറ്റും അഗ്നിനാളങ്ങൾ ചിത്രം വരച്ചു. ഓർമിക്കാൻ ഇനി ആ നമ്പൂതിരി വരകൾ ബാക്കി.
ആർട്ടിസ്റ്റ് നമ്പൂതിരി (1925–2023)
ചിത്രകലാലോകത്ത് മലയാളത്തിന്റെ വരമായ ആർട്ടിസ്റ്റ് നമ്പൂതിരി (കെ.എം.വാസുദേവൻ നമ്പൂതിരി–97) കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം രാത്രി 12.21നാണു അന്തരിച്ചത്.
1925 സെപ്റ്റംബർ 13ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കൽ കെ.എം.പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ചു. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിലായിരുന്നു ചിത്രകലാ പഠനം. തകഴിയുടെ ‘ഏണിപ്പടികൾ’, എംടിയുടെ ‘രണ്ടാമൂഴം’, തിക്കോടിയന്റെ ‘ചുവന്ന കടൽ’, വികെഎന്നിന്റെ ‘പിതാമഹൻ’, കെ.സുരേന്ദ്രന്റെ ‘ഗുരു’, പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ‘സ്മാരകശിലകൾ’ എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
രേഖാചിത്രങ്ങൾ, പെയ്ന്റിങ് എന്നിവയ്‌ക്കു പുറമേ ശിൽപകലയിലും പ്രശസ്‌തനായിരുന്നു നമ്പൂതിരി. 1974 ൽ ‘ഉത്തരായണം’ സിനിമയ്ക്കു മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. രാജാ രവിവർമ പുരസ്കാരം, ലളിതകലാ അക്കാദമി പുരസ്കാരം ഇവ അംഗീകാരങ്ങളിൽ ചിലത്. കേരള ലളിതകലാ അക്കാദമി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവേഗപ്പുറ വടക്കേപ്പാട്ട് മനയ്‌ക്കൽ മൃണാളിനിയാണ് ഭാര്യ. മക്കൾ: പരമേശ്വരൻ (അഡ്വക്കറ്റ്, കോഴിക്കോട്), വാസുദേവൻ (സിനിമ സംവിധായകൻ). മരുമക്കൾ: ഉമാദേവി (അധ്യാപിക, കോഴിക്കോട്), സരിത (കോളജ് അധ്യാപിക, ചാലക്കുടി).
English Summary: Artist Namboothiri laid to rest with state honours