ADVERTISEMENT

മരട് (കൊച്ചി) ∙ തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ‌്മോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്ട്രേലിയൻ പൗരത്വമുള്ള മകൾ വിനീത എത്തിയതിനു ശേഷം സംസ്കാരം ചമ്പക്കര പള്ളിയിൽ. പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു.

സംഭവം നടന്ന അപ്പാർട്മെന്റ് പൊലീസ് മുദ്രവച്ചു.മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സീലിങ് ഫാനുകളുൾപ്പെടെ വളച്ചുമടക്കിയിട്ടിരിക്ക‌ുകയാണ്. അച്ചാമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്.

അതേസമയം, സംഭവം വഷളാക്കിയ മരട് എസ്ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർ ഷീജ സാൻകുമാർ എന്നിവർ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് എസ‌്പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.

തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വർഷം മുൻപാണു മരടിൽ അപ്പാർട്മെന്റ് വാങ്ങി താമസം തുടങ്ങിയത്. ഭർത്താവ് ഏബ്രഹാം 35 വർഷം മുൻപ് മരിച്ചു. മറ്റൊരു മകൾ വർഷങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു.  എൽഎൽബി ബിരുദധാരിയാണെങ്കിലും വിനോദ് പ്രാക്ടീസ് ചെയ്യുന്നില്ല. മിക്കവാറും ദിവസങ്ങളിലും വിനോദ് പുറത്തുനിന്നു ഭക്ഷണം വരുത്തും. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി നശിപ്പിച്ചു കളയ‌ുന്നതു വിനോദ് ശീലമാക്കിയിരുന്നു. 

വീഴ്ചയില്ലെന്ന് പൊലീസ്

കൊലപാതകം തടയുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്ഐ റിജിൻ എം. തോമസ് പറഞ്ഞു. കതകു പൊളിച്ചു വീടിനുള്ളിൽ കയറണമെങ്കിൽ കത്തു വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണു റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കത്തു തന്നതെന്നു വ്യക്തമല്ല.

English Summary: Achamma murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com