കിറ്റിനു പിടികൊടുക്കാതെ ലഹരി സ്റ്റാംപ്; കൂടുതൽ ലാബുകൾ സജ്ജമാക്കാൻ എക്സൈസ്
Mail This Article
പാലക്കാട് ∙ ലഹരിവസ്തുവായ എൽഎസ്ഡി (ലൈസർജിക് ആസിഡ് ഡയതലമൈഡ്) സ്റ്റാംപുകളുടെ പരിശോധന വേഗത്തിലാക്കാനും കൃത്യമാക്കാനും കൂടുതൽ കെമിക്കൽ ലാബുകൾ ആരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിട്ട് എക്സൈസ് വകുപ്പ്. പൊലീസിനു കീഴിലും കൂടുതൽ കെമിക്കൽ ലാബുകൾ സജ്ജമാക്കുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. കേസുകളുടെ എണ്ണം കൂടുമ്പോഴും പരിശോധനയ്ക്ക് ആകെ 3 ലാബുകൾ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്.
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നീക്കം. സ്റ്റാംപിലെ രാസലഹരി നിശ്ചിതസമയം കഴിഞ്ഞാൽ ഇല്ലാതാകുമെന്നതിനാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ പരിശോധന നടത്തി ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണു ലക്ഷ്യം.
കെമിക്കൽ ലാബിൽ നിന്നു പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോൾ കുറഞ്ഞത് 3 മാസം കഴിയണം. 24 മണിക്കൂറും വ്യക്തിയെ ലഹരിയിൽ കുടുക്കിയിടുന്ന എൽഎസ്ഡിയാണു സംസ്ഥാനത്ത് ഏറ്റവും കടുതൽ പിടികൂടുന്നത്. സ്റ്റാംപ് ഒന്നിന് 2000 രൂപ വരെയാണു വില. ചാലക്കുടി സംഭവത്തോടെ സ്റ്റാംപ് പിടികൂടി കേസെടുക്കുന്നതിലുള്ള ആശങ്ക എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ വകുപ്പ് മേധാവികളെ ധരിപ്പിച്ചിട്ടുണ്ട്. ഖര, ദ്രാവക രൂപത്തിലുള്ള ലഹരിവസ്തുക്കളായ എംഡിഎംഎ, കഞ്ചാവ്, മെത്താംഫെറ്റമിൻ, കറുപ്പ്, ചരസ്, ഹഷീഷ്, ബ്രൗൺഷുഗർ തുടങ്ങിയവയുടെ കേസിൽ പ്രാഥമിക രാസപരിശോധന ഉടൻ നടത്താനാകുന്നുണ്ട്.
English Summary: Drug smuggling; Excise to start more testing labs