‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസിൽ കന്നുകാലികളെ ഒഴിവാക്കി
Mail This Article
എടത്വ (ആലപ്പുഴ) ∙ ക്ഷീരകർഷകർക്ക് ഏറെ ഗുണകരമായിരുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ നിന്നു കന്നുകാലികൾ പുറത്ത്. ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയത് ക്ഷീര കർഷകരെ മാത്രം. കഴിഞ്ഞ വർഷം വരെ കന്നുകാലികളെയും ക്ഷീര സഹകരണ സംഘം ജീവനക്കാരെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
സഹകരണ സംഘം ജീവനക്കാരെയും ഉൾപ്പെടുത്തുമെന്നു വാക്കാൽ ഉറപ്പു മാത്രം ലഭിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്കും സംഘം ജീവനക്കാർക്കും ഒരു ലക്ഷം രൂപയാണു പരിരക്ഷ നൽകിയിരുന്നത്.
കഴിഞ്ഞ വർഷം വരെ പദ്ധതിയിൽ കർഷകർക്ക് പശുക്കളെ ഇൻഷുർ ചെയ്യാമായിരുന്നു. ഒരാൾക്ക് എത്ര പശുക്കളെയും ഇൻഷുർ ചെയ്യാമെങ്കിലും സബ്സിഡി 2 എണ്ണത്തിനു മാത്രമായിരുന്നു. ഒരു പശുവിന് 50,000 – 60,000 രൂപ കണക്കാക്കി 2,425 രൂപയായിരുന്നു പ്രീമിയം. ഇതിൽ 800 രൂപ മൃഗസംരക്ഷണ വകുപ്പ് സബ്സിഡിയും 1,625 രൂപ കർഷക വിഹിതവുമായിരുന്നു. അസുഖം ബാധിക്കുക, ഗർഭിണിയാകാതിരിക്കുക, അപകടത്തിൽ കൈകാലുകൾ ഒടിയുകയോ തളർന്നു പോകുകയോ ചെയ്യുക എന്നിവയ്ക്ക് ഡോക്ടർ പരിശോധിച്ചു നഷ്ടം കണക്കാക്കി പണം നൽകുക, ചത്തു പോയാൽ പശുവിന്റെ വില നൽകുക തുടങ്ങിയവയായിരുന്നു ആനുകൂല്യങ്ങൾ.
കന്നുകാലികളുടെ കാര്യത്തിൽ ക്ലെയിം കൂടുതലായിരുന്നതാണ് ഒഴിവാക്കാൻ കാരണമെന്നാണു സൂചന. എന്നാൽ, കന്നുകാലികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയായി ഇതു നടപ്പാക്കണമെന്നു ക്ഷീര കർഷകർ ആവശ്യപ്പെടുന്നു. വെള്ളപ്പൊക്കത്തിലും പ്രളയത്തിലും പശുക്കളെ നഷ്ടപ്പെടുമ്പോൾ മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ മുൻപ് ആനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോൾ അതും നൽകുന്നില്ലെന്നും കർഷകർ പറയുന്നു.
∙ ‘കന്നുകാലികൾക്കു വേറെയും ഇൻഷുറൻസ് പദ്ധതികൾ ഉള്ളതിനാലാണ് ക്ഷീരസാന്ത്വനത്തിൽ ഉൾപ്പെടുത്താത്തത്. പുതിയ പദ്ധതിക്കായി മൃഗസംരക്ഷണ വകുപ്പും മിൽമയും ചേർന്നു ഫണ്ട് കണ്ടെത്തിയിട്ടുണ്ട്’ - മന്ത്രി ജെ.ചിഞ്ചുറാണി.
English Summary : Cattle out of Ksheera Santhwanam Insurance Scheme