ഐഎസ്ആർഒയുടെ റോക്കറ്റ് സാങ്കേതിക വിദ്യ ആദ്യമായി സ്വകാര്യമേഖലയിലേക്കും
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) റോക്കറ്റ് സാങ്കേതികവിദ്യ ആദ്യമായി സ്വകാര്യമേഖലയ്ക്കു കൈമാറുന്നു. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി ) സാങ്കേതിക വിദ്യ കൈമാറാനാണ് ഐഎസ്ആർഒയ്ക്കു കീഴിലുള്ള ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻസ്പേസ്) ഇന്ത്യൻ കമ്പനികളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചത്. ബഹിരാകാശ ഗവേഷണം സ്വകാര്യ മേഖലയ്ക്കു കൂടി തുറന്നുകൊടുത്തതിന്റെ തുടർച്ചയാണിത്.
ഓഗസ്റ്റ് 16 വരെ താൽപര്യപത്രം നൽകാം. സാങ്കേതികവിദ്യയുടെ ബൗദ്ധികാവകാശം ഇസ്റോയ്ക്കു തന്നെയായിരിക്കും. പരമാവധി രണ്ടു വർഷമോ രണ്ടു റോക്കറ്റുകൾ നിർമിക്കുന്നതുവരെയോ സാങ്കേതികവിദ്യ ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കു സ്വന്തം റോക്കറ്റുകൾ വേഗത്തിൽ നിർമിക്കാൻ അവസരം നൽകുകയാണു ലക്ഷ്യമെന്ന് ഇൻസ്പേസ് പറയുന്നു. റോക്കറ്റ് നിർമാണ ജോലി കുറച്ചു ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിലൂടെ ഇസ്റോയ്ക്കു കഴിയും.
∙ എസ്എസ്എൽവി
2022 ൽ ആദ്യ വിക്ഷേപണം പരാജയപ്പെട്ട എസ്എസ്എൽവി, 2023 ഫെബ്രുവരിയിലെ രണ്ടാം വിക്ഷേപണത്തിൽ മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. സ്വകാര്യ മേഖലയിലെ വിക്ഷേപണങ്ങളെ സഹായിക്കാനാണ് ഇസ്റോ എസ്എസ്എൽവിക്കു രൂപം നൽകിയത്. 500 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ അകലെ വരെയുള്ള ഭ്രമണ പഥത്തിൽ എത്തിക്കാൻ ശേഷിയുണ്ട്. നിർമാണച്ചെലവു കുറവ്, ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ കുറഞ്ഞ സമയം, ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് നേട്ടം.
∙ മുൻഗാമി പിഎസ്എൽവി
ഇസ്റോ റോക്കറ്റ് നിർമാണ സാങ്കേതിക വിദ്യ കൈമാറുന്നത് ആദ്യമാണെങ്കിലും പിഎസ്‍എൽവി റോക്കറ്റിന്റെ നിർമാണ കരാർ സ്വകാര്യ മേഖലയ്ക്കു നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) എൽ ആൻഡ് ടിയും ചേർന്ന കൺസോർഷ്യമാണു 860 കോടി രൂപയ്ക്കു കഴിഞ്ഞ വർഷം കരാർ നേടിയത്.
1999 മുതൽ വിവിധ രാജ്യങ്ങളുടെ വാണിജ്യ വിക്ഷേപണങ്ങൾ ഇസ്റോ നടത്തുന്നുണ്ട്. ഇതുവരെ 34 രാജ്യങ്ങളിലെ 420 ഉപഗ്രഹങ്ങൾ പിഎസ്എൽവി, എൽവിഎം3 എന്നീ റോക്കറ്റുകൾ ഉപയോഗിച്ചു ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.
English Summary : ISRO's rocket technology to private sector for first time