ADVERTISEMENT

കൊച്ചി ∙ കോവിഡ് വാക്സിനേഷന്റെ പാർശ്വഫലത്തെ തുടർന്നു മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്ഥിരീകരിക്കാനും നഷ്ടപരിഹാരം നൽകാനും മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടും ഇതു സംബന്ധിച്ചു ശുപാർശകളൊന്നും ഇല്ലെന്ന നിലപാടിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.

കോവിഡ് വാക്സിനേഷൻ സൗജന്യവും സ്വമേധയാ ഒരാൾ എടുക്കുന്നതുമാണെന്നും നഷ്ടപരിഹാരം നൽകേണ്ടെന്നാണു സർക്കാർ നയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഈ നയം മാറ്റാനുള്ള നിർദേശം നിലവിൽ ഇല്ലെന്നും വിശദീകരിച്ചു. തുടർന്നാണു കാര്യകാരണം വ്യക്തമാക്കി വിശദീകരണം നൽകാൻ ആരോഗ്യമന്ത്രാലയത്തിനു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകിയത്.

ഭർത്താവ് അബ്‌ദുൽ നാസർ കോവിഡ് വാക്‌സിനേഷനെത്തുടർന്ന് മരിച്ചെന്നു ചൂണ്ടിക്കാട്ടി നഷ്ട പരിഹാരം തേടി എറണാകുളം തമ്മനം സ്വദേശി കെ.എ. സയീദ നൽകിയ ഹർജിയിലാണു 3 മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ 2022 സെപ്റ്റംബർ ഒന്നിന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കോവിഡിനെ തുടർന്നു മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി. എണ്ണത്തിൽ കുറവാണെങ്കിലും വാക്സിനേഷന്റെ പാർശ്വഫലങ്ങളെ തുടർന്നു മരണം സംഭവിച്ചതായി സംശയിക്കുന്ന ചില സംഭവങ്ങളുണ്ടായിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവർക്ക് ഇത്തരത്തിലുള്ള മരണം സ്ഥിരീകരിക്കാനും നഷ്ടപരിഹാരം നൽകാനും ബാധ്യതയുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട് ആറുമാസം പിന്നിട്ടും നടപടിയെടുത്തില്ലെന്നു കോടതിയലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ നൽകിയ എതിർസത്യവാങ്മൂലത്തിലെ വാക്കുകൾ കോടതിയലക്ഷ്യമാണെന്നു ഹർജിക്കാരി അറിയിച്ചു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാൻ നിർദേശിച്ച കോടതി ഹർജി 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

English Summary: Kerala HC seeks explanation from central government on death's following covid vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com