ഷുക്കൂർ വധം: മാതാവിന്റെ വാദം വിശദമായി കേൾക്കും
Mail This Article
കൊച്ചി∙ മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരുടെ പങ്കാളിത്തത്തിനു തെളിവുണ്ടെന്ന ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ വാദം സിബിഐ പ്രത്യേക കോടതി വിശദമായി കേൾക്കും. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ സമർപ്പിച്ച വിടുതൽ ഹർജി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണു പ്രതികളുടെ പങ്കാളിത്തത്തിനു ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്ന വാദം ആത്തിക്ക ഉന്നയിച്ചത്. കേസ് തുടർവാദത്തിനായി ഓഗസ്റ്റ് 21നു വീണ്ടും പരിഗണിക്കും.
ഗൂഢാലോചന തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികളുണ്ടെന്നും അതിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്നുമാണു കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ നിലപാട്. 2020 ഫെബ്രുവരി 20നാണു ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്നാണു ഷുക്കൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കേസ്.
അക്രമണത്തിനു ശേഷം ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഷുക്കൂറിനെ പിടികൂടിയ സിപിഎം പ്രവർത്തകർ ഷുക്കൂറിന്റെ ചിത്രമെടുത്തു, നേതാക്കൾക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകരുടെ ഫോണിലേക്ക് അയച്ചു കൊടുത്തതായി സിബിഐ കണ്ടെത്തിയിരുന്നു. തുടർന്നു കീഴാറയിലെ പാടത്താണു ഷുക്കൂർ കൊല്ലപ്പെട്ടത്. കേസിൽ 34 പ്രതികളുണ്ട്.
English Summary: Ariyil Shukur murder case: Mother's arguement will be heard in detail