വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എംകോം പ്രവേശനം: നിഖിൽ തോമസിന് ജാമ്യം
Mail This Article
കൊച്ചി ∙വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 24 മുതൽ കസ്റ്റഡിയിലാണെന്നതും കേസിലെ രേഖകളെല്ലാം കണ്ടെടുത്തെന്നതും പരിഗണിച്ചാണു ജസ്റ്റിസ് സിയാദ് റഹ്മാൻ ജാമ്യം അനുവദിച്ചത്. നിഖിലിനെതിരെ കായംകുളം പൊലീസ് സ്റ്റേഷനിലുളള മറ്റു കേസുകൾ സമാനസ്വഭാവത്തിലുള്ളതല്ലെന്നും കോടതി വിലയിരുത്തി.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണു ജാമ്യം. അന്വേഷണവുമായി സഹകരിക്കണം, അന്തിമ റിപ്പോർട്ട് നൽകുന്നതു വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ എല്ലാ ബുധനാഴ്ചയും രാവിലെ 10നും 11നും ഇടയ്ക്ക് ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാൻ ശ്രമിക്കരുത്, സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ചാൽ പ്രതിക്കെതിരെ ആരോപണത്തിനുള്ള വസ്തുതകളുണ്ടെന്നു കോടതി പറഞ്ഞു.
ഒഡീഷയിലെ കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റും മൈഗ്രേഷൻ, ടിസി സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് പ്രവേശനം നേടിയെന്നാണു കേസ്. എന്നാൽ യഥാർഥ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും വ്യാജമാണെന്ന ആരോപണം തെറ്റാണെന്നും നിഖിലിന്റെ അഭിഭാഷകൻ വാദിച്ചു. ഹർജിക്കാരൻ സ്വാധീനമുള്ള വ്യക്തിയാണെന്നും നിഖിലിനെതിരെ മൂന്നു കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
English Summary: Bail for fake BCom certificate case accused Nikhil Thomas