ADVERTISEMENT

തിരുവനന്തപുരം ∙ വേഗറെയിൽ പദ്ധതിയിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലാണു പുറത്തായതെന്ന കോൺഗ്രസിന്റെ ആരോപണത്തിനിടെ, പദ്ധതിയെച്ചൊല്ലി ബിജെപിയിലും ഭിന്നത. പദ്ധതി നിർദേശം വന്നപാടെ പിന്തുണച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റേതു പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ നിലപാടാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. പാർട്ടി നേതൃത്വവുമായി തെറ്റിനിൽക്കുന്ന ശോഭാ സുരേന്ദ്രന്റെ പ്രതികരണം വലിയ പ്രതിസന്ധിയല്ല. എന്നാൽ, പാർട്ടി ഒരുമിച്ചെതിർത്ത ഒരു പദ്ധതിയുടെ ബദലിനെ പിന്തുണയ്ക്കുന്നതിനു മുൻപു ചർച്ച നടത്തേണ്ടതായിരുന്നു എന്ന വികാരം ചില നേതാക്കൾക്കുണ്ട്. 

സിപിഎം സർക്കാരിന്റെ സ്വപ്നപദ്ധതിക്ക്, മുഖ്യമന്ത്രിയുടെ കൂടി അറിവോടെ ഇ. ശ്രീധരൻ ബദൽ നിർദേശിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അഭ്യൂഹത്തിനു തടയിടാനായിരുന്നു കെ.സുരേന്ദ്രൻ പെട്ടെന്നു പോയി ശ്രീധരനെ കണ്ടത്. ബദൽ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയുക എന്നതിലുപരി, ഇ.ശ്രീധരൻ ബിജെപിയുടെ അവിഭാജ്യ ഘടകമാണെന്നും ഇടതിനോട് അടുക്കുകയല്ലെന്നും പ്രഖ്യാപിക്കുക കൂടിയായിരുന്നു സുരേന്ദ്രന്റെ സന്ദർശനോദ്ദേശ്യം. അതൊരു കൃത്യമായ നീക്കമായിത്തന്നെയാണു പാർട്ടി കാണുന്നത്. എന്നാൽ ഒരുപടി കൂടി കടന്ന്, സന്ദർശനവേളയിൽ തന്നെ ബദൽ പദ്ധതിയെ പിന്തുണച്ചത് അപക്വമെന്നാണു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ശ്രീധരന്റെ നിർദേശത്തിന്റെ വിശദാംശങ്ങളും അതിൽ സർക്കാരിന്റെ പ്രതികരണവുമറിഞ്ഞശേഷം മതിയായിരുന്നു ഇതെന്നു കരുതുന്നവരുണ്ട്. 

Read Also: മന്ത്രിവാഹനം ‘എമർജൻസി’യല്ല; മുൻഗണന ആംബുലൻസിന്

എന്നാൽ ബദൽ പദ്ധതിയിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയെന്നാണു സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വാദം. മുഖ്യമന്ത്രിയും സിപിഎമ്മും അഭിമാന പദ്ധതിയായി കൊണ്ടുനടക്കുന്ന സിൽവർലൈൻ ഉപേക്ഷിച്ച് വേഗറെയിലിനെ പിന്തുണയ്ക്കേണ്ടിവന്നാൽ, ഈ വികസന പദ്ധതിയുടെ ‘ക്രെഡിറ്റ്’ ബിജെപിക്കും അവകാശപ്പെടാനാകും. ശ്രീധരൻ ഉയർത്തിയ ബദൽ നിർദേശം മുൻപ് സിൽവർലൈനെതിരെ ശ്രീധരനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട ഘട്ടത്തിൽ ബിജെപി നേതാക്കൾ മുന്നോട്ടുവച്ചതാണെന്നും ഇവർ വിശദീകരിക്കുന്നു. ശ്രീധരന്റെ ബദൽ നിർദേശത്തോടു സിപിഎം നിലപാട് വ്യക്തമാക്കിയ ശേഷം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നുമാണു കെ.സുരേന്ദ്രന്റെ നിലപാട്. മറ്റൊരു ചർച്ചയും അതുവരെയില്ല. 

English Summary : Shobha Surendran against K Surendran On BJP Supporting High Speed Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com