ADVERTISEMENT

എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ 'കന്യാകുമാരി'യിലാണ് ഞാൻ ആദ്യമായി നായകനാകുന്നത്. അന്ന് എനിക്കു 18 വയസ്സ്‌. ചാൻസിനുവേണ്ടി കാത്തിരിക്കുന്ന ചെക്കൻ.

അക്കാലത്ത്‌ എനിക്കു മലയാള ചിത്രങ്ങളെക്കുറിച്ചു വലിയ ധാരണയൊന്നുമില്ല. വിദേശ സിനിമകൾ ധാരാളം കണ്ടിട്ടുണ്ട്‌. പക്ഷേ, മലയാള സിനിമയുമായി പ്രേമം തുടങ്ങിയിട്ടില്ല. എനിക്ക്‌ ആകെ അറിയാവുന്ന മലയാള സിനിമാക്കാരൻ സേതുമാധവൻ സാറാണ്‌- കാരണം ‘കണ്ണും കരളും’ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിൽ ഞാൻ ബാലതാരമായിരുന്നു.

സേതു സാർ വിളിച്ചപ്പോൾ ഞാൻ ചെന്നു. 'പടത്തിലെ ഹീറോ കമലാണ്‌' എന്നു പറഞ്ഞു. സ്ക്രിപ്റ്റ്‌ നോക്കിയപ്പോൾ അധികം ഡയലോഗില്ല. ശിവാജി ഗണേശൻ സാറിന്റെ നീണ്ട ഡയലോഗ്‌ ഒക്കെ കാണാപ്പാഠം പഠിച്ച്‌ അഭിനയിക്കാൻ തയാറായ ആളാണു ഞാൻ. പക്ഷേ, മലയാളം സിനിമയിൽ ആരും മിണ്ടുന്നില്ല.

ഏഴു ദിവസം കഴിഞ്ഞപ്പോൾ 'കമൽ പൊയ്ക്കോ’ എന്നു സേതു സാർ പറഞ്ഞു. ഉത്കണ്ഠ കാരണം ഞാൻ ചോദിച്ചു :

‘ഞാൻ ഹീറോ തന്നെയാണല്ലോ, അല്ലേ സാർ’?

‘ങ്ഹാ, ഹീറോ തന്നെയാണ്‌. നമുക്ക്‌ മദ്രാസിൽ കാണാം’.

ഞാൻ തിരിച്ചു പോന്നു. പിന്നെ മൂന്നു ദിവസം കൂടി മദ്രാസിൽ ഷൂട്ടിങ് ഉണ്ടായിരുന്നു. അവിടെ വച്ചാണ് ശിവതാണ്ഡവം ഷൂട്ട് ചെയ്തത്. 

അപ്പോഴും എം.ടി. വാസുദേവൻ നായർ സാർ എത്ര വലിയ ആളാണ്‌ എന്നൊന്നും അറിഞ്ഞുകൂടാ.

‘കന്യാകുമാരി’യുടെ ചിത്രീകരണ സമയത്തു തന്നെ ‘അരുത്‌’ എന്നൊരു സിനിമ വന്നു. ബാംഗ്ലൂരിലായിരുന്നു ഷൂട്ടിങ്‌. അവിടെ വച്ചാണു ഞാൻ ആദ്യമായി എം.ജി. സോമനെയും സുരാസുവിനെയും കണ്ടുമുട്ടിയത്‌.

ബാംഗ്ലൂരിൽ എം.ജി റോഡിൽ മലയാളം ചിത്രങ്ങൾ മാത്രം കളിക്കുന്ന ‘ഓപ്പറ’ എന്ന തിയറ്റർ ഉണ്ട്‌.

‘നമുക്ക്‌ ഈവനിങ്‌ ഷോയ്ക്ക്‌ ‘നിർമാല്യം’ പടം കാണാൻ പോകാം’– എന്നു സോമനും സുരാസുവും പറഞ്ഞു.

ഞാൻ സമ്മതിച്ചു. ഞങ്ങൾ സിനിമ കണ്ടു. പുറത്തുവന്നപ്പോൾ അവർക്കു രണ്ടു പേർക്കും വെള്ളമടിക്കാൻ പോകണം. ഞാൻ പറഞ്ഞു:

‘അല്ല. നമുക്ക്‌ അടുത്ത ഷോ കൂടി കാണാം.’

സുരാസുവിനു സന്തോഷമായി. കാരണം, സുരാസു ‘നിർമാല്യത്തിൽ’ ചെറിയൊരു റോളിൽ അഭിനയിച്ചിട്ടുണ്ട്‌. പിന്നീട് രണ്ടു തവണകൂടി ഞാൻ ‘നിർമാല്യം’ കണ്ടു.

സത്യജിത്‌ റേ, ഗിരീഷ്‌ കർണാട് ഇവരെയൊക്കെയാണ് അന്നു നാം അറിയുന്നത്. പക്ഷേ, ‘നിർമാല്യം’ കാണുന്തോറും ‘എംടിവി’യുടെ മഹത്വം എനിക്കു ബോധ്യപ്പെട്ടു. പല അഭിമുഖങ്ങളിലും ഞാൻ ‘എംടിവിയുടെ’ ആരാധകനാണ്‌ എന്നു പറഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചു, ഞാൻ മ്യൂസിക്‌ ആൻഡ്‌ ടെലിവിഷന്റെ കാര്യമാണു പറയുന്നതെന്ന്‌. പക്ഷേ, എനിക്ക്‌ 'എംടിവി’ എന്നാൽ എം.ടി വാസുദേവൻ നായർ സാർ മാത്രമാണ്‌.

ഞാൻ അഞ്ചു ഭാഷകളിൽ നിരക്ഷരനാണ്‌. അതായത്‌, ഭാഷ മനസ്സിലാകും, സംസാരിക്കും. എഴുതാനും വായിക്കാനും അറിയില്ല. അതിലൊന്നാണു മലയാളം. അതുകൊണ്ട്‌, എംടിയുടെ കഥകളൊക്കെ വായിച്ചു കേട്ടാണു മനസ്സിലാക്കിയത്. 

കന്യാകുമാരി ഷൂട്ടിങ്‌ കഴിഞ്ഞ സമയത്ത്‌ സേതു സാർ എന്നോടു പറഞ്ഞു, ഇതിൽ നിനക്ക്‌ അംഗീകാരം കിട്ടും. എനിക്ക്‌ ആദ്യത്തെ ഫിലിം ഫെയർ അവാർഡ്‌ കിട്ടിയത്‌ ‘കന്യാകുമാരി’യിലെ അഭിനയത്തിനാണ്‌.

ഇതോടെ മലയാളത്തിലും തമിഴിലും എനിക്കു തിരക്കായി. ഐ.വി. ശശിയുടെ ‘തൃഷ്ണ’ റിലീസ്‌ ചെയ്ത സമയത്ത്‌ ഞാൻ ശശിയോടു പറഞ്ഞു:

എനിക്ക്‌ എങ്ങനെയെങ്കിലും എംടിവി സാറിന്റെ ഒരു തിരക്കഥയിൽ അഭിനയിക്കണം.'

അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി അദ്ദേഹത്തെ കാണാൻ പോയി. അന്ന്‌ മദ്രാസിലെ പാംഗ്രോവ്‌ ഹോട്ടലിലായിരുന്നു അദ്ദേഹം. ഞാൻ ചെന്നപ്പോൾ ബീഡി വലിച്ച്‌ അദ്ദേഹം ഇരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഞാൻ അഡ്വാൻസ്‌ കൊടുത്തു.

'ശരി. നമുക്ക്‌ ചെയ്യാം' എന്ന്‌ അദ്ദേഹം പറഞ്ഞു.

അതായിരുന്നു ഞാനും എംടിവി സാറുമായി നേരിട്ടു സംസാരിച്ച ആദ്യ സന്ദർഭം.

ആ സിനിമ നടന്നില്ല. അതിന്റെ ദുഃഖം ഇപ്പോഴും എനിക്കുണ്ട്‌.

അടുത്ത കാലത്ത്‌, അദ്ദേഹത്തിന്റെ കഥകളെ ആധാരമാക്കി ഒരു ഒടിടി പ്ലാറ്റ്ഫോമിൽ വരുന്ന ആന്തോളജിയുടെ ആമുഖം ഞാൻ പറയണം എന്ന്‌ അവരെന്നോട്‌ ആവശ്യപ്പെട്ടു.

ഞാൻ അവരോടു ചോദിച്ചു, 'എനിക്ക്‌ സാറുമായൊന്നു സംസാരിക്കാൻ പറ്റുമോ? അവർ കോൾ കണക്ട്‌ ചെയ്തു. അദ്ദേഹം തന്നെ ഫോൺ എടുത്തു.

'നമസ്‌കാരം സാർ. എംടിവി സാർ ആണോ?’

‘അതെ. ആരാണ്?’

‘ഞാൻ കമൽഹാസനാണ്‌ സർ. കമൽ.'

‘ആരാ? ഏതാ?”

'കമൽഹാസൻ സാർ. കമൽഹാസൻ’.

‘ങ്ഹേ? നിങ്ങൾ എവിടുന്നാണ്‌ സംസാരിക്കുന്നത്‌ ?’

അദ്ദേഹത്തിന്‌ എന്നെ മനസ്സിലായില്ലെന്നു തോന്നി. ഞാൻ പറഞ്ഞു,

'സാർ ഞാൻ ‘കന്യാകുമാരിയിലെ ശങ്കര’നാണ്‌’.

'ഓഹ്‌, കമൽ!

ആ ക്ഷണം അദ്ദേഹം എന്നെ മനസ്സിലാക്കി. 

നക്ഷത്രപദവിയോ സൂപ്പർ സ്റ്റാർഡമോ ഒന്നും അദ്ദേഹത്തിന്റെ മനസ്സിലില്ല. സ്വന്തം കഥാപാത്രങ്ങൾ മാത്രം. വളരെ സ്‌നേഹത്തോടെ കുറച്ചു നേരം സംസാരിച്ചു. എ ട്രൂ മാസ്റ്റർ - അങ്ങനെയാണു ഞാൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

ബാംഗ്ലൂരിൽ  'നിർമാല്യം' കണ്ട ഓപ്പറ തിയറ്ററിലാണ് ഞാൻ 'കന്യാകുമാരി'യും കണ്ടത്‌. നിർമാല്യത്തിലെ ഡയലോഗുകൾ ഒക്കെ ഇന്നായിരുന്നെങ്കിലോ എന്നു ഞാൻ ചിന്തിക്കാറുണ്ട്‌. ഇന്നായിരുന്നെങ്കിൽ ആ സിനിമ നിരോധിക്കപ്പെടുമായിരുന്നു. അത്‌ യഥാർഥ ‘കേരള സ്റ്റോറി’യായി മാറുമായിരുന്നു.

'നിർമാല്യം' ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഉണ്ട്‌. ‘ബൈസിക്കിൾ തീവ്സ്‌’, ‘ഫോർഹൺഡ്രഡ‍് ബ്ലോസ്‌' എന്നു പറയുന്നതുപോലെയാണ്‌ എനിക്കു 'നിർമാല്യ’വും. എഴുത്തുകാരനാണ് യഥാർഥ സൂപ്പർസ്റ്റാർ എന്നു തെളിയിച്ചത് എംടിവി സാർ ആണ്‌.

English Summary: Kamal Haasan writeup about MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com