പരിപാടിയിൽ പേരില്ലെന്ന് ഇ.പി.ജയരാജൻ; പ്രത്യേകം വിളിക്കേണ്ടതില്ലെന്ന് ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട്ട് നടക്കുമ്പോൾ അതൊഴിവാക്കി തിരുവനന്തപുരത്തു ഡിവൈഎഫ്ഐ പരിപാടിയിൽ പങ്കെടുത്ത് കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ. പാർട്ടിയിൽ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു മുതൽ നിസ്സഹകരണം തുടരുന്ന ജയരാജൻ, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു പാർട്ടി നടത്തുന്ന പ്രധാന രാഷ്ട്രീയ നീക്കത്തിലും അതാവർത്തിച്ചു. ഇതിലുള്ള അതൃപ്തി ഗോവിന്ദൻ കോഴിക്കോട്ടു പ്രകടിപ്പിച്ചു. മംഗലപുരത്തു ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ ‘സ്നേഹവീട്’ സമർപ്പണച്ചടങ്ങിലാണു ജയരാജൻ പങ്കെടുത്തത്.
ജയരാജന്റെ പ്രതികരണം ഇങ്ങനെ: ‘‘പാർട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നത്. ഞാൻ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാൻ നിശ്ചയിച്ചവരുടെ കൂട്ടത്തിൽ എന്റെ പേരില്ല. ഡിവൈഎഫ്ഐ പരിപാടിക്ക് ഒരു മാസം മുൻപേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുർവേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണു വന്നത്’’.
ഗോവിന്ദന്റെ പ്രതികരണം: ‘‘അദ്ദേഹം സെമിനാറിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത്തരമൊരു പരിപാടിയിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. ഞാനും പ്രത്യേകം ക്ഷണിച്ചിട്ടല്ല ഇവിടെ വന്നത്. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ്’’.
Content Highlights: EP Jayarajan, MV Govindan, Communist Party of India Marxist, CPM, Uniform Civil Code