ADVERTISEMENT

ചിറ്റൂർ (പാലക്കാട്) ∙ മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും ഫോണും കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ സ്വർണക്കടത്തു ‘പൊട്ടിക്കൽ’ സംഘത്തലവൻ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ പൂനയിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. സ്വർണവ്യാപാരിയായ തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) സ്വർണവും പണവും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ മീനാക്ഷിപുരത്താണു സംഭവം. 

തൃശൂരിലെ ജ്വല്ലറിയിൽ നിന്ന് തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി സ്വകാര്യബസിൽ മടങ്ങിവരുന്നതിനിടെ കാറിലെത്തിയ സംഘം റാഫേലിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയും 500 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും കവർന്നുവെന്നുമാണു പരാതി. മുൻ എംഎൽഎയുടെ ഡ്രൈവറായിരുന്നയാളും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുമടക്കം 11 പേർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

കവർച്ച നടത്താൻ പ്രതികൾ ഉപയോഗിച്ച 2 കാറും ഒരു ബൈക്കും കവർച്ചാ സംഘം പരസ്പരം ആശയവിനിമയം നടത്തിയ വയർലെസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 3 വോക്കിടോക്കികളും പൊലീസ് കണ്ടെടുത്തിരുന്നു. സിഗ്നൽ ട്രാക്കിങ് സംവിധാനത്തിലൂടെ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് മൊബൈൽ ഫോൺ ഒഴിവാക്കി സംഘം വോക്കിടോക്കികൾ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു.

English Summary: Arjun Ayanki in Police Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com