സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; പട്ടിക ഇന്ന് അന്തിമമാക്കും
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ രാവിലെ 11നു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തിയതും സെൻസർ ചെയ്തതുമായ 154 സിനിമകളാണ് മത്സരിക്കുന്നത്. ഇവയിൽ 8 എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. രണ്ടു പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ ശേഷം 44 സിനിമകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്.
ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറി ഈ ചിത്രങ്ങൾ കണ്ടു വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. അവാർഡ് സാധ്യതയുള്ള ചില സിനിമകൾ ജൂറി ഒന്നിലേറെ തവണ കണ്ടു. ഇന്നലെയോടെ ഈ ജോലി പൂർത്തിയായി. സമാന്തരമായി അവാർഡ് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. അവാർഡ് പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും.
സംവിധായകനും കലാ സംവിധായകനുമായ നേമം പുഷ്പരാജ്, സംവിധായകനും ആർട്ടിസ്റ്റുമായ കെ.എം.മധുസൂദനൻ എന്നിവരായിരുന്നു പ്രാഥമിക വിധിനിർണയ സമിതിയുടെ അധ്യക്ഷന്മാർ. ഇവർക്കും ഗൗതം ഘോഷിനും പുറമേ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി.യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അന്തിമ ജൂറിയിൽ ഉണ്ട്. കെ.സി.നാരായണനാണ് രചനാ വിഭാഗം ജൂറി ചെയർമാൻ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് രണ്ടു ജൂറികളുടെയും മെംബർ സെക്രട്ടറിയാണ്.
English Summary: State Film Awards 2022 to be Announce on July 19