മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു
Mail This Article
കലവൂർ (ആലപ്പുഴ) ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ഓഫിസിലെ പരിസ്ഥിതി എൻജിനീയർ ആലപ്പുഴ മുല്ലക്കൽ വടക്കേമഠം ‘സാകേത’ത്തിൽ ബി.ബിജു (48) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കഞ്ഞിക്കുഴിക്ക് സമീപം ഇന്നലെ പുലർച്ചെ ഒരു മണി കഴിഞ്ഞ് ബിജു ഓടിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഔദ്യോഗിക ആവശ്യങ്ങൾക്ക് കൊച്ചിയിൽ പോയി കാറിൽ മടങ്ങുകയായിരുന്നു. ദേശീയപാത വികസനത്തിനുള്ള സാമഗ്രികളുമായെത്തിയ ലോറി കലവൂരിൽ സാധനങ്ങൾ ഇറക്കി മടങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ബിജുവിനെ ചേർത്തലയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചതായി പൊലീസ് പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗത്തും കേടുപാടുണ്ട്. മാരാരിക്കുളം പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.
ബിജുവിന്റെ സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തി. മാവേലിക്കര മണക്കാട് ‘അർച്ചന’യിൽ എസ്.ബാലകൃഷ്ണന്റെയും ലീലയുടെയും മകനാണ് ബിജു. പൊതുമരാമത്ത് വിഭാഗം കുട്ടനാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗൗരി കാർത്തികയാണ് ഭാര്യ. ഏകമകൻ എട്ടാം ക്ലാസ് വിദ്യാർഥി ഭുവൻ. തിരുവനന്തപുരത്തും ആലപ്പുഴയിലും ജോലി ചെയ്തിട്ടുള്ള ബിജു 2 വർഷമായി കോട്ടയത്താണ്.
ബി.ബിജുവിന്റെ രണ്ടു കണ്ണുകളും മധ്യകേരള മഹാ ഇടവകയുടെ നേത്രദാന പദ്ധതിയായ ക്രിസ്ത്യൻ ലവ് ഫോർ ദ് ബ്ലൈൻഡിലൂടെ ദാനം ചെയ്തു. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ആലപ്പുഴയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
English Summary : Pollution Control Board Engineer died in car accident