ADVERTISEMENT

കോട്ടയം ∙ ‘ഞാൻ ആൻജിയോഗ്രാം ചെയ്യുകയാണെങ്കിൽ അത് ഇവിടെ മാത്രമേ ചെയ്യൂ. കാരണം ഞാൻ വിദേശത്തു ചികിത്സയ്ക്കു പോയാൽ അതു നാട്ടിലെ മെഡിക്കൽ കോളജിനെ ആശ്രയിച്ചു ചികിത്സ തേടുന്ന സാധാരണക്കാരായ രോഗികൾക്കും പൊതുസമൂഹത്തിനും തെറ്റായ സന്ദേശം നൽകും. അതിനാൽ ഇവിടെ തന്നെ ആൻജിയോഗ്രാം ചെയ്താൽ മതി’– ഉമ്മൻ ചാണ്ടിയുടെ ഉറച്ച വാക്കുകൾ ഡോ. വി.എൽ.ജയപ്രകാശ് ഓർക്കുന്നു.

 2014 ജനുവരി 13നു കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് അഡീഷനൽ പ്രഫസറായിരുന്ന ഡോ. വി.എൽ.ജയപ്രകാശ് പിന്നീടു ഹൃദ്രോഗവിഭാഗം മേധാവിയായി. 

പ്രാഥമിക പരിശോധനയിൽത്തന്നെ ഹൃദയത്തിലേക്കുളള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നു ഡോ. വി.എൽ.ജയപ്രകാശ് പറഞ്ഞു. തുടർന്ന് ആൻജിയോഗ്രാം ചികിത്സയാണു ചെയ്യേണ്ടത്. പക്ഷേ മുഖ്യമന്ത്രിക്കാണ് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതെന്ന് ഓർത്തപ്പോൾ ചെറിയ ടെൻഷൻ. ഈ സമയം രാഷ്ട്രപതിയും സോണിയ ഗാന്ധിയും ഫോണിൽ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് ചികിത്സ അമേരിക്കയിലേക്കു മാറ്റാൻ നിർദേശിച്ചു. പല പ്രമുഖ നേതാക്കളും ഇന്ത്യയിലും പുറത്തുമുള്ള പ്രമുഖ ആശുപത്രികളിൽ ചികിത്സ നടത്താമെന്ന നിർദേശം വച്ചു. ഇതെല്ലാം കേട്ട ശേഷമാണ്,തനിക്ക് ഇവിടെത്തന്നെ ആൻജിയോഗ്രാം മതിയെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചത്. അൽപം ഭയമുണ്ടെന്നു പറഞ്ഞപ്പോൾ സാധാരണക്കാരനായ ഒരാളെ ചികിത്സിക്കുന്നു എന്നു വിചാരിച്ചാൽ മതി എന്നായിരുന്നു മറുപടി. 

വിജയകരമായി ആൻജിയോഗ്രാം കഴിഞ്ഞു. മരുന്നിലൂടെ ബ്ലോക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം മുറിയിലേക്കു മാറ്റിയപ്പോൾ ആദ്യം വിളിച്ചുപറഞ്ഞത് ‘ഞാൻ വിശ്രമിക്കുകയാണെന്നു പറഞ്ഞ് എന്നെ കാണാൻ വരുന്നവരെ ആരെയും പിന്തിരിപ്പിക്കരുത്’ എന്നായിരുന്നു. കാണാൻ വന്നവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കേൾക്കുകയും എല്ലാവർക്കും ആശുപത്രിക്കിടക്കയിൽ വച്ചു തന്നെ ആശ്വാസം കാണാൻ ശ്രമിക്കുകയും ചെയ്തു. ആശുപത്രി വാർഡിൽ ഇത്രയും ജനം കൂടിയ മറ്റൊരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡോ. ജയപ്രകാശ് പറയുന്നു. 

പ്രത്യേക വാത്സല്യം

കോട്ടയം മെഡിക്കൽ കോളജിനോടു പ്രത്യേക വാത്സല്യമായിരുന്നു ഉമ്മൻ ചാണ്ടിക്ക്. മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗം പുതിയ കെട്ടിടം, ഗൈനക്കോളജി ബ്ലോക്ക്, കാർഡ‌ിയോ തൊറാസിക് ബ്ലോക്ക് എന്നിവ നിർമിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 

നെഫ്രോളജി വിഭാഗത്തിന്റെ ഉയർച്ചയ്ക്കു പിന്നിലും ഉമ്മൻ ചാണ്ടിയായിരുന്നു. 10 ഡയാലിസിസ് മെഷീനുകൾ വാങ്ങി നൽകി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മോഡുലർ തിയറ്റർ സ്ഥാപിച്ചതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്. െമഡിക്കൽ കോളജിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കിയപ്പോൾ രോഗിയെ കാണാനും ഡോക്ടർമാരെ അഭിനന്ദിക്കാനും ഉമ്മൻ ചാണ്ടി ഓടിയെത്തിയതു രോഗക്കിടക്കയിൽ നിന്നായിരുന്നു. ആരോഗ്യപ്രശ്നം മൂലം സംസാരിക്കരുതെന്ന ഡോക്ടർമാരുടെ വിലക്കു കാരണം ഭാര്യ മറിയാമ്മ കൂടെ നടന്നു സംസാരം വിലക്കിക്കൊണ്ടിരുന്നു. എങ്കിലും ഒരു മണിക്കൂറോളം  സംസാരിച്ചു.

English Summary : If I do angiogram It will only be done here says Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com