ADVERTISEMENT

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെ സുപ്രീംകോടതി പരിഗണിച്ചപ്പോൾ തന്നെ മാറ്റിവയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐയ്ക്കായി ഹാജരാകുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിന്റെ അസൗകര്യമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. ഒരാഴ്ചത്തേക്കു മാറ്റണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അടുത്തയാഴ്ച അസൗകര്യമാകുമെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. 

പലവട്ടം കേസ് മാറ്റിയെന്നും ഇപ്പോൾ വാദിക്കാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിക്കെതിരെ ചുമത്തിയിരുന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടിയ സാൽവെ കേസുമായി മുന്നോട്ടുപോകുന്നതിലെ യുക്തിയിൽ സംശയം ഉന്നയിച്ചു. എന്നാൽ, വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു സിബിഐ അറിയിച്ചു. ഓഗസ്റ്റിൽ ഭരണഘടനാ ബെഞ്ചിലെ തിരക്കുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 12ലേക്കു മാറ്റാൻ ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജി, ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികൾ തുടങ്ങിയവയാണു കോടതിയുടെ പരിഗണനയിലുള്ളത്.

English Summary: SNC Lavalin Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com