ആ 100 രൂപ കൊടുത്തത് ഉമ്മൻ ചാണ്ടി
Mail This Article
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2013 ൽ ഞാൻ ദക്ഷിണമേഖല എഡിജിപിയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഗതാഗതം സുഗമാക്കാനായി നിയമലംഘനങ്ങൾക്കു പിഴ ചുമത്താൻ സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. അടുത്തൊരു ദിവസം ട്രാഫിക്കിലെ ഉദ്യോഗസ്ഥർ തിരക്കിട്ട് എന്റെ ഓഫിസിലെത്തി. ‘സർ, അബദ്ധം പറ്റി. ബേക്കറി ജംക്‌ഷനിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിച്ചു. അതു സിഎമ്മിന്റെ ഭാര്യ ഓടിച്ച കാറാണെന്ന് അറിഞ്ഞില്ല’. ഇതിനിടെ ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി കാര്യം പറഞ്ഞു. കേട്ടിരുന്ന മുഖ്യമന്ത്രി പിഴ എത്രയെന്നു ചോദിച്ചു. ഉടൻ 100 രൂപ അടയ്ക്കുകയും ചെയ്തു.
സോളർ കമ്മിഷൻ ചോദ്യം ചെയ്യുന്നതിനു മുൻപ് ഒരു വസ്തുതപ്രസ്താവന മുഖ്യമന്ത്രിക്കു സമർപ്പിക്കണമായിരുന്നു. ഞാനായിരുന്നു അതിന്റെ കരട് തയാറാക്കിയത്. അതു വായിച്ച സാർ അതിലെ ഒരു വാക്കിൽ മാത്രം തിരുത്തൽ വരുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെ വീഴ്ചയിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന വരിയിൽ ‘എന്റെ ഓഫിസിലെ താഴ്ന്ന റാങ്കിലെ ചില ഉദ്യോഗസ്ഥരുടെ’ എന്ന വാചകത്തിൽ ‘താഴ്ന്നറാങ്ക്’ എന്ന വാക്കു മാത്രം അദ്ദേഹം വെട്ടിമാറ്റി. എന്റെ ഓഫിസിലെ എല്ലാവരും എനിക്കു തുല്യരാണെന്ന സന്ദേശമായിരുന്നു അതിൽ.
English Summary: A Hemachandran remembering Oommen Chandy