ഉമ്മൻ ചാണ്ടി: കുടുംബചിത്രം
Mail This Article
പുതുപ്പള്ളി ∙ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെത്തിയത്. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഉമ്മൻ ചാണ്ടി. കുമരകം ഒരുവട്ടിത്തറ കുടുംബാംഗമാണു ബേബി ചാണ്ടി. പുതുപ്പള്ളിക്കാരനാണെങ്കിലും മാതാവിന്റെ സ്വദേശമായ കുമരകത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം.
കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗം മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മക്കൾ: മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), ചാണ്ടി ഉമ്മൻ (യൂത്ത് കോൺഗ്രസ് നാഷനൽ ഔട്റീച്ച് സെൽ ചെയർമാൻ).
മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ.വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). കൊച്ചുമക്കൾ: എഫിനോവ, അഞ്ജല, ക്രിസ്റ്റിൻ, നോവ.
അച്ചാമ്മ മാത്യു, അലക്സ് വി.ചാണ്ടി എന്നിവർ ഉമ്മൻ ചാണ്ടിയുടെ സഹോദരങ്ങളാണ്. അലക്സാണു പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ കുടുംബവീട്ടിൽ താമസിക്കുന്നത്. ഞായറാഴ്ചകളിൽ ഇവിടെയാണ് ഉമ്മൻ ചാണ്ടി ജനങ്ങളുടെ പ്രയാസങ്ങളും ആവശ്യങ്ങളും കേട്ടിരുന്നത്. അച്ചാമ്മയുടെ വീടും ഇതിനടുത്താണ്. തിരഞ്ഞെടുപ്പുവേളയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സഹോദരിയുടെ വീട്ടിലെത്തി മാധ്യമങ്ങളെ കാണുന്നതും പതിവായിരുന്നു.
English Summary : Oommen Chandy's family roots