ഓരോ മലയാളിയുടെയും ആത്മസുഹൃത്ത്
Mail This Article
വർഷങ്ങൾക്കു മുൻപ് കൂത്താട്ടുകുളത്ത് ഒരു വിവാഹവേദിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയെ ആദ്യമായി കാണുന്നത്. അദ്ദേഹം പന്തലിലേക്ക് വരികയാണ്. അപ്പോഴേക്കും ആളുകൾ അദ്ദേഹത്തെ പൊതിഞ്ഞുകഴിഞ്ഞിരുന്നു. വിനയവും ലാളിത്യവും നിറഞ്ഞ ഒരാൾ. ഓരോരുത്തരുടേയും തോളത്തു കയ്യിട്ട് ഊഷ്മളമായി ചേർത്തു പിടിച്ചുനീങ്ങുന്നു.
എല്ലാ മലയാളികളും അദ്ദേഹത്തിനു പരിചിതരാണ്. ആദ്യമായി കാണുന്നവരോടും ചിരിച്ചു തോളിൽ തട്ടി സൗഹൃദത്തിലാകും.
പെരുമ്പടവത്തിനടുത്ത് ഒരു സ്കൂൾ വാർഷികത്തിന് ഞങ്ങൾ ഒരിക്കൽ കണ്ടുമുട്ടി. ഞാനൊഴിഞ്ഞു മാറി നിന്നപ്പോൾ അദ്ദേഹം അടുത്തു വന്ന് ഒരുമിച്ച് വേദിയിലേക്കു കൂട്ടി. സ്റ്റേജ് നിറയെ പ്രാസംഗികരാണ്. അദ്ദേഹത്തിനു മറ്റൊരു യോഗത്തിന് കൂടി പോകേണ്ടതുണ്ട്. സമയവും വൈകി. ഉമ്മൻ ചാണ്ടി വേഗം യാത്ര ചോദിച്ചിറങ്ങിയപ്പോൾ ആളുകൾ ബഹളം വച്ചു. അദ്ദേഹം വണ്ടിയിൽ കയറിയപ്പോൾ ജനം വാഹനത്തിനുചുറ്റും കൂടി. അദ്ദേഹത്തിന് കാറിൽ നിന്നിറങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. പ്രസംഗിച്ചുകൊണ്ടിരുന്നയാളിന്റെ കൈയിൽനിന്നു മൈക്ക് വാങ്ങി അദ്ദേഹം സംസാരിച്ചു.
എന്റെ 80–ാം പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിത അതിഥിയായി സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ അദ്ദേഹം എന്റെ വീട്ടിലേക്ക് കയറിവന്നതാണ് അവസാനത്തെ ഓർമ.
English Summary: Perumbadavam Sreedharan remembering Oommen Chandy