വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളിൽ 16 പേർ
Mail This Article
തിരുവനന്തപുരം∙കേരളത്തിലെ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേർ. ഇതിൽ 9 പേർ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റ് ഏഴു പേർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലുമാണ്. ഇവരെ മുഴുവൻ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റാൻ 2 വർഷം മുൻപു തീരുമാനിച്ചെങ്കിലും നടന്നില്ല. എറണാകുളത്തു നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാമും ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും 3 പേരെ മുറിക്കുള്ളിൽ തീയിട്ടു കൊന്ന തമിഴ്നാട് സ്വദേശി തോമസ് ആൽവ എഡിസനുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
സുരക്ഷാ കാരണങ്ങളാലാണ് ഇവരെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റാൻ ആലോചിച്ചത്. സെഷൻസ് കോടതിയുടെ വിധിക്കെതിരെ പ്രതികൾ അപ്പീൽ നൽകിയിട്ടുണ്ട്. ചിലത് ഹൈക്കോടതി തള്ളി. അപ്പീലുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണ്. സുപ്രീംകോടതി വരെ അപ്പീൽ നൽകാം. സുപ്രീംകോടതി തള്ളിയാൽ രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിക്കാം. തിരുവനന്തപുരം സ്വദേശി രാജേഷിന്റെ വധശിക്ഷ 2 വർഷം മുൻപു ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.
ഭീകരവാദികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നവരെയുമാണ് ഇപ്പോൾ അതീവസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലുണ്ടായിരുന്ന പ്രശ്നക്കാരായ തടവുകാരിൽ ചിലരെയും ഇവിടേക്കു മാറ്റിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിലെ 9.5 ഏക്കർ സ്ഥലത്താണ് അതീവസുരക്ഷാ ജയിൽ. 7,117 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള ജയിൽ കെട്ടിടത്തിൽ 192 സെല്ലുകളാണുള്ളത്.
വധശിക്ഷ കാത്തു കഴിയുന്നവരുണ്ടെങ്കിലും സംസ്ഥാനത്ത് ആരാച്ചാരില്ല. റിപ്പർ ചന്ദ്രനെയാണ് 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത്. ആരാച്ചാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ ജയിൽ സൂപ്രണ്ടുമാർക്ക് ലഭിച്ചിട്ടുണ്ട്. ആരാച്ചാരുടെ പ്രതിഫലം 2012ൽ 500 രൂപയിൽ നിന്ന് 2 ലക്ഷമായി ഉയർത്തിയിരുന്നു. കണ്ണൂരിലും തിരുവനന്തപുരത്തുമാണു വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നവരും ജില്ലയും
റജികുമാർ (പാലക്കാട്), നിനോ മാത്യു (തിരുവനന്തപുരം), അനിൽകുമാർ (തിരുവനന്തപുരം), നരേന്ദ്രകുമാർ (കോട്ടയം), ഗിരീഷ് കുമാർ (കൊല്ലം), കെ.ജിതകുമാർ (തിരുവനന്തപുരം), തോമസ് ചാക്കോ (പത്തനംതിട്ട), അനിൽകുമാർ (തിരുവനന്തപുരം) സുധീഷ് (ആലപ്പുഴ), അബ്ദുൽ നാസർ (നിലമ്പൂർ), രാജേന്ദ്രൻ (ഇടുക്കി), അജിത് കുമാർ എന്ന സോജു (തിരുവനന്തപുരം), തോമസ് ആൽവ എഡിസൻ (തമിഴ്നാട് സ്വദേശി), രഞ്ജിത്ത് (എറണാകുളം), മുഹമ്മദ് അമിറുൽ ഇസ്‌ലാം (അസം), ജോമോൻ (ഇടുക്കി).
English Summary : Sentenced to death, sixteen people in prisons