കരുത്തോടെ മുന്നോട്ടു പോകണമെന്ന് ചാണ്ടി ഉമ്മനോട് സച്ചിൻ പൈലറ്റ്
Mail This Article
പുതുപ്പള്ളി ∙ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്നും ഉമ്മൻ ചാണ്ടി തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കണമെന്നും ചാണ്ടി ഉമ്മനോട് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു സച്ചിൻ. കല്ലറയിൽ മെഴുകുതിരി കൊളുത്തി, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകൾ മറിയ ഉമ്മനെയും ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 1.40ന് എത്തിയ അദ്ദേഹം ഇരുപതു മിനിറ്റോളം കല്ലറയിലും പള്ളിയിലും ചെലവഴിച്ചു.
പൊതുജീവിതത്തിൽ ഉമ്മൻ ചാണ്ടി പുലർത്തിയ സത്യസന്ധതയും എളിമയും എല്ലാവർക്കും മാതൃകയാണെന്ന് സച്ചിൻ പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോയ ആ രാഷ്ട്രീയമാണ് ഇന്നത്തെ ആവശ്യം. അദ്ദേഹത്തിന്റെ എളിമയും ചിരിച്ചുകൊണ്ടുള്ള പെരുമാറ്റവും മനസ്സിൽ നിൽക്കുന്നു. ജാതിക്കും മതത്തിനുമെല്ലാം അതീതമായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്ന ശക്തിയായിരുന്നു ഉമ്മൻ ചാണ്ടി. ജാതി-മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്ന കേരളം വ്യത്യസ്തമാണ്. ആ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മൻ ചാണ്ടി. രാഷ്ട്രീയ എതിരാളികൾപോലും അദ്ദേഹത്തെപ്പറ്റി ഉദാത്തമായ രീതിയിൽ സംസാരിക്കുന്നു – സച്ചിൻ പറഞ്ഞു.
കെപിസിസി സെക്രട്ടറി ജോൺ വിനേഷ്യസ്, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, പുതുപ്പള്ളി പള്ളി വികാരി ഫാ. ഡോ. വർഗീസ് വർഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
English Summary: Sachin Pilot visits Oommen Chandy grave at Puthupally st George Orthodox Church