ADVERTISEMENT

തിരുവനന്തപുരം ∙ സ്നേഹിക്കുന്നവരെയും എതിർക്കുന്നവരെയും ഉൾക്കൊണ്ട ഉമ്മൻചാണ്ടി ശൈലിയെ ഓർമിപ്പിച്ച് കെപിസിസിയുടെ അനുസ്മരണസമ്മേളനം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പ്രസംഗകനായി. വിവിധ മേഖലകളിൽ നിന്നുള്ളവർ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഓർമകൾ പങ്കിട്ടു. 

രാഷ്ട്രീയ പ്രവർത്തകനായും ഭരണാധികാരിയായും നേതൃവൈഭവം പ്രകടിപ്പിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പാർട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറി. രോഗത്തിൽ തളർന്നില്ല. വാശിയോടെ പൊതുപ്രവർത്തനം നടത്തി. ഒരുതവണ ചികിത്സ കഴിഞ്ഞു തിരുവനന്തപുരത്തെ പൊതുപരിപാടിയിൽ കണ്ടതു നല്ല പ്രസരിപ്പോടെയായിരുന്നു. നല്ല മാറ്റമുണ്ടല്ലോ എന്നു സ്വകാര്യമായി ഉമ്മൻ ചാണ്ടിയോടു പറഞ്ഞു. ചികിത്സിച്ച ഡോക്ടറുടെ പേര് അപ്പോൾ ഉമ്മൻചാണ്ടി പറഞ്ഞു. ആ ഡോക്ടറെ ഫോണിൽ വിളിച്ചു താൻ അഭിനന്ദിച്ചിരുന്നു. വിശ്രമം അത്യാവശ്യമാണെന്നും, എന്നാൽ ഉമ്മൻചാണ്ടി അതിനു തയാറാകുമോ എന്നതിൽ സംശയമുണ്ടെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. വിശ്രമം ഉമ്മൻ ചാണ്ടിയുടെ രീതിയല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടിയെപ്പോലെ രാഷ്ട്രീയമായി ഇത്രയും വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്നും തരംതാണ ആരോപണമുന്നയിച്ചവരോടു പോലും ഉമ്മൻചാണ്ടി മാന്യത വിട്ടു പെരുമാറിയിട്ടില്ലെന്നും അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം പൂർണമായി ഉൾക്കൊണ്ട നേതാവായിരുന്നു അദ്ദേഹം. മതനിരപേക്ഷത നെറ്റിപ്പട്ടം പോലെ ഇണങ്ങുമായിരുന്നു. വെട്ടിപ്പിടിക്കുന്നതിനെക്കാൾ വിട്ടുകൊടുക്കുന്നതിൽ ആഹ്ലാദിച്ച പൊതുപ്രവർത്തകനായിരുന്നു ഉമ്മൻചാണ്ടിയെന്നും സുധാകരൻ പറഞ്ഞു. ജനകീയരാകാൻ കേരളത്തിലെ ജനപ്രതിനിധികളെ പഠിപ്പിച്ചത് ഉമ്മൻചാണ്ടിയായിരുന്നെന്നും രാഷ്ട്രീയ പ്രവർത്തനത്തെ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനമായിക്കൂടിയാണു കണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

യുഡിഎഫ് കൺവീനർ എം.എം.ഹസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മോൻസ് ജോസഫ്, ‍ഡോ.എൻ.ജയരാജ്, എ.എ.അസീസ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, രാഷ്ട്രീയ നേതാക്കളായ വി.എം.സുധീരൻ, പന്ന്യൻ രവീന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, കെ.സി.ജോസഫ്, മോൻസ് ജോസഫ്, ‍ഡോ.എൻ.ജയരാജ്, എ.എ.അസീസ്, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ്, ജി.ദേവരാജൻ, മാത്യു ടി.തോമസ്, പാലോട് രവി, സലിം പി.മാത്യു, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ, ഡോ.ജോസഫ് മാർ ദിവന്ന്യാസിയോസ്, ബിഷപ് മാത്യൂസ് മാർ സിൽവാനോസ്, ‍ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ.മോർലി കൈതപ്പറമ്പിൽ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഡോ.ജാൻസി ജയിംസ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മൻചാണ്ടിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ‘ഉണരുമീ ഗാനം’ എന്ന ഗാനം ഗായകൻ ജി.വേണുഗോപാൽ ആലപിച്ചു. 

English Summary: Oommen Chandy commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com