ADVERTISEMENT

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കോൺഗ്രസ് ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുന്നു. എഐസിസി ഇതിനു മുൻകൈ എടുക്കും. കേരളത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റ് ഇതിനായി എത്രയും വേഗം രൂപീകരിക്കും. ആവശ്യങ്ങളുമായി വരുന്ന സാധാരണക്കാരെയും പാവങ്ങളെയും സഹായിക്കാൻ ജീവിതത്തിലെ വലിയ പങ്ക് മാറ്റിവച്ച ഉമ്മൻ ചാണ്ടിക്കുള്ള ഏറ്റവും ഉചിത സ്മാരകം ജീവകാരുണ്യ മേഖലയിൽ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ ആരംഭിക്കുന്നത്.

കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിൽ ഇതു സംബന്ധിച്ച പ്രാഥമികചർച്ചകൾ നടന്നു. അതിന്റെ അടിസ്ഥാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായും സംസാരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രാഥമിക തയാറെടുപ്പുകൾ അവലോകനം ചെയ്യാനായി തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വിശദാംശങ്ങൾ ചർച്ച ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളി‍ൽ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനായി സതീശനെയും സുധാകരനെയും നിയോഗിച്ചു.

കേരളത്തിലെമ്പാടും വൊളന്റിയർമാരെ അണിനിരത്തുന്ന വിപുലമായ പ്രസ്ഥാനമായി ഇതിനെ മാറ്റണമെന്ന തീരുമാനത്തിലാണ് നേതാക്കൾ. കോൺഗ്രസിന്റെ സേവന–ജീവകാരുണ്യ മുഖമായി ഉമ്മൻചാണ്ടി ട്രസ്റ്റ് മാറും. കെപിസിസി തന്നെ ഉമ്മൻ ചാണ്ടിയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് അംഗങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സമാനമായ സ്മാരക സംരംഭങ്ങൾ ആരംഭിക്കുന്നതു വിലക്കും.

English Summary: Charity movement in memory of Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com