ADVERTISEMENT

ന്യൂഡൽഹി ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി വനം പരിസ്ഥിതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. 2024  ജൂൺ 30 വരെയാണു പുതുക്കിയ കാലാവധി.

എംപിമാരായ അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യത്തിനു വനം പരിസ്ഥിതി സഹമന്ത്രി അശ്വിനികുമാർ ചൗബേ ആണു മറുപടി നൽകിയത്. 

സംസ്ഥാന സർക്കാരുകളുമായും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ച നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെങ്കിലും അന്തിമ തീർപ്പിലെത്താൻ സാധിച്ചിട്ടില്ല.

ഇവരുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്ന മന്ത്രാലയം, സമിതിക്കു റിപ്പോർട്ട് നൽകാനുള്ള കാലാവധിയും നീട്ടി. 2024 മാർച്ച് 31നുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

2013ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് നിലവിലുള്ളത്.

കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതിലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കി. അവിടത്തെ താമസക്കാരുടെ നിത്യജീവിത പ്രശ്നമാണ് കേരളം ഉന്നയിക്കുന്നതെങ്കിൽ കർണാടക ഉയർത്തിയ വിഷയം ക്വാറികളുമായി ബന്ധപ്പെട്ടത്. ഇഎസ്എ പരിധിയിൽനിന്ന് ആറായിരത്തിൽപരം ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കർണാടകയ്ക്ക് ഈ മേഖലയിലുള്ള ഖനനമാണു പ്രശ്നം.

പശ്ചിമഘട്ടം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാൻ നിയോഗിച്ച സമിതിക്കു മുന്നിലും കേരളവും കർണാടകയും പഴയ നിലപാട് ആവർത്തിച്ചതാണു നിലവിലെ പ്രതിസന്ധിയെന്നറിയുന്നു.

English Summary : Conservation of the Western Ghats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com