പ്രതിയുടെ വസ്ത്രങ്ങളിൽ ഡോ. വന്ദനയുടെ രക്തം: പരിശോധനാ ഫലം ലഭിച്ചു; കുറ്റപത്രം ഈയാഴ്ച നൽകിയേക്കും
Mail This Article
കൊട്ടാരക്കര ∙ ഡോ. വന്ദന ദാസിന്റെ രക്തം പ്രതി ജി.സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. മറ്റു നിർണായക തെളിവുകളുടെയും പരിശോധന ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം നിയമവിദഗ്ധരുടെ അനുമതിയോടെ ഈ ആഴ്ച തന്നെ നൽകാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
രക്തക്കറ സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്ന രാസപരിശോധന ഫലം കേസിൽ നിർണായക തെളിവാണ്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാൽ, ഡോ. വന്ദന ദാസിനെ കുത്തിവീഴ്ത്തിയ സ്ഥലത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ചത് പ്രൊസീജ്യർ റൂമിലെ സർജിക്കൽ സിസേഴ്സ് (കത്രിക) ആണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായാണു വിവരം. കത്രികയുടെ മൂർച്ചയുള്ള ഭാഗത്തിന്റെ നീളവും മുറിവിന്റെ ആഴവും തമ്മിലും പൊരുത്തപ്പെടുന്നുണ്ട്. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
അതേ കത്രിക കൊണ്ടു കുത്തേറ്റ പൊലീസുകാരന്റെയും ഹോംഗാർഡിന്റെയും മുറിവിനും സമാനത ഉണ്ട്. പൊലീസുകാരും താലൂക്ക് ആശുപത്രി ജീവനക്കാരും ഉൾപ്പെടെയുള്ള ദൃക്സാക്ഷികളും മറ്റു നൂറിലേറെ സാക്ഷിമൊഴികളും കേസിനു ബലമായി ഉണ്ട്. സന്ദീപിന്റെ ശാരീരിക – മാനസിക അവസ്ഥ പരിശോധിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ടുകളും അന്വേഷണ സംഘത്തിനു ലഭിച്ചു.
സന്ദീപിന് ആക്രമണ സ്വഭാവം ഉണ്ടായിരുന്നു എന്നതിനുള്ള മുൻകാല തെളിവുകളും ലഭിച്ചിട്ടുണ്ട്. കേസിന് അതിവേഗ വിചാരണ ഉറപ്പാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. വന്ദനയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ചാകും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം.
മേയ് 10നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി.സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്തിരുന്നു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് ആണ് കേസ് അന്വേഷിക്കുന്നത്.
ഹർജി 17ലേക്ക് മാറ്റി
കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി 17നു പരിഗണിക്കാൻ മാറ്റി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകൾ മറച്ചു വയ്ക്കാനായി പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നില്ല എന്നായിരുന്നു വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹൻദാസ്, ടി. വസന്ത കുമാരി എന്നിവർ നൽകിയ ഹർജിയിൽ ആരോപിച്ചത്. എന്നാൽ സത്യം കണ്ടെത്താൻ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണം പ്രഫഷനൽ രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനു മറുപടി നൽകാൻ ഹർജിക്കാർ സമയം തേടിയതിനെ തുടർന്നാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് മാറ്റിയത്.
പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊല്ലം ∙ ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം ഇന്നു കേൾക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.
English Summary : Dr. Vandana Das murder Charge sheet likely to be filed this week