എറികാട് സ്കൂളിന് ബസ്, വിനുവിന് കൃത്രിമക്കാൽ; ഉമ്മൻ ചാണ്ടിയുടെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ യൂസഫലി
Mail This Article
പുതുപ്പള്ളി∙ എറികാട് ഗവ.യുപി സ്കൂളിന് ബസ് വാങ്ങി നൽകാമെന്ന് യൂസഫലിയുടെ വാഗ്ദാനം. ഉമ്മൻ ചാണ്ടിയുടെ ബന്ധുവീട്ടിൽ തന്നെ കാണാനെത്തിയ സ്കൂൾ വിദ്യാർഥികൾ യാത്രാസൗകര്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം കുട്ടികൾ ആഗ്രഹിച്ചതു പോലെ 45 സീറ്റുള്ള ബസ് ഉടൻ വാങ്ങി നൽകാമെന്നു പറഞ്ഞത്. ‘യൂസഫലിയോടു പറഞ്ഞ് ഇക്കാര്യം സാധിച്ചു നൽകാ’മെന്ന് മുൻപ് നിവേദനം നൽകിയപ്പോൾ ഉമ്മൻ ചാണ്ടി ഏറ്റിരുന്നതാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടിയ ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.
കാൻസർ ബാധിതനായി ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന എറികാട് കരോട്ട് വട്ടക്കാട്ട് വീട്ടിൽ വിനു(26)വിന് കൃത്രിമക്കാൽ വച്ചുപിടിപ്പിക്കാനും അടിയന്തര സഹായം യൂസഫലി വാഗ്ദാനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ യൂസഫലി പ്രാർഥന നടത്തി ഇറങ്ങുമ്പോൾ സഹായാഭ്യർഥനയുമായി എത്തിയതായിരുന്നു വിനുവും കുടുംബവും. അമ്മ അനിഷ, സഹോദരൻ ധനു എന്നിവരോടു വിവരങ്ങൾ യൂസഫലി ചോദിച്ചറിഞ്ഞു.
യെമനിൽ ജയിലിലായ പാലക്കാട് സ്വദേശിനി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്നും യൂസഫലി പറഞ്ഞു. ആശുപത്രിയിൽ ആയിരുന്നപ്പോഴും ഉമ്മൻ ചാണ്ടി ഇക്കാര്യത്തിനായി പരിശ്രമിച്ചിരുന്ന കാര്യം മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് അതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യൂസഫലി പറഞ്ഞത്.
എം.എ.യൂസഫലി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചു
പുതുപ്പള്ളി ∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ. യൂസഫലി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 11.45 ന് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ യൂസഫലി ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരെ കണ്ട് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
മൂന്നു ദശാബ്ദത്തിലേറെ നീണ്ട ആത്മബന്ധം ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നതായി പറഞ്ഞ യൂസഫലി പ്രവാസികളുടെ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ എളിമയെയും ലാളിത്യത്തെയും കുറിച്ച് ബഹ്റൈൻ ഭരണാധികാരി തന്നോടു പറഞ്ഞ വാക്കുകൾ വിസ്മരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മരണസമയത്ത് താൻ യുകെയിൽ ആയിരുന്നതിനാലാണ് എത്താൻ സാധിക്കാതിരുന്നതെന്നും പറഞ്ഞു.
English Summary: MA Yusuf Ali visits Oommen Chandy tomb