‘പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചില്ലെന്ന മന്ത്രി ബിന്ദുവിന്റെ വാദം തെറ്റ്’
Mail This Article
തിരുവനന്തപുരം∙ തൃശൂർ കേരളവർമ കോളജിൽ താൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്നില്ലെന്നുമുള്ള മന്ത്രി ആർ.ബിന്ദുവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും മന്ത്രി പരസ്യമായി മാപ്പു പറയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. തൃശൂരിൽ മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ, സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാൻ വിമുഖത കാട്ടുന്ന മന്ത്രി തന്നെ ഇൻചാർജ് പ്രിൻസിപ്പൽ ആയിരുന്നില്ലേ എന്ന ചോദ്യത്തിനാണ് താൻ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്നില്ലെന്നു മറുപടി നൽകിയത്.
കൊച്ചി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കോളജിൽ ആദ്യമായാണ് യൂണിവേഴ്സിറ്റി ചട്ടത്തിൽ വ്യവസ്ഥ ചെയ്യാത്ത വൈസ് പ്രിൻസിപ്പൽ പദവിയിൽ ആർ.ബിന്ദുവിനെ നിയമിച്ചത്. നിലവിലുണ്ടായിരുന്ന പ്രിൻസിപ്പലിന്റെ ധന വിനിയോഗ അധികാരങ്ങൾ വൈസ് പ്രിൻസിപ്പലിനു കൈമാറാനുള്ള മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രിൻസിപ്പൽ ഡോ.ജയദേവൻ രാജിവച്ചതിനെ തുടർന്ന് 2020 നവംബർ 13 മുതൽ 2021 മാർച്ച് 10 വരെ ഡോ.ബിന്ദുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിക്കുകയായിരുന്നു. കോളജിന്റെ വെബ്സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങളോടു കളവുപറഞ്ഞ മന്ത്രി തന്നെയാണ് പിഎസ്‍സി അംഗീകരിച്ച പ്രിൻസിപ്പൽ നിയമന പട്ടിക തള്ളി, ഇടതുപക്ഷ പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ പരാതി പരിഹാര സമിതി രൂപീകരിച്ചതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഡൽഹി കേന്ദ്രീകരിച്ചു നടത്തുന്ന വ്യാജ ഓൺലൈൻ ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ കൂടി പരിഗണിച്ചു പ്രിൻസിപ്പൽ നിയമനപ്പട്ടിക പുതുക്കാൻ പച്ചക്കൊടി കാട്ടി. പിഎസ്‍സി അംഗീകരിച്ച 43 പേർക്ക് പ്രിൻസിപ്പൽ നിയമനം നൽകണമെന്നും യുജിസി ചട്ടത്തിനു വിരുദ്ധമായി പ്രിൻസിപ്പൽ നിയമനം നടത്തരുതെന്നും ആവശ്യപ്പെട്ട് ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
English Summary: Minister Bindu's claim that she did not take charge of the principal is wrong says Save University Campaign Committee