ADVERTISEMENT

കൊച്ചി ∙ നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടു ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നെന്നും ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നെന്നും ഹർജിയിൽ അറിയിച്ചു. മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നും ഹർജിയിലുണ്ട്. 

കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. മേയ് 10നു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി.സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്തെന്നാണു കേസ്.

കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് പിതാവ്

കൊട്ടാരക്കര ∙ കുറ്റപത്രത്തിന്റെ പകർപ്പ് തേടി  ഡോ.വന്ദന ദാസിന്റെ പിതാവ് കെ.ജി.മോഹൻദാസ് കൊട്ടാരക്കര കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം മോഹൻദാസ് അഭിഭാഷകനോടൊപ്പം കൊട്ടാരക്കരയിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ഹർജി 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് കുറ്റപത്രത്തിന്റെ പകർപ്പിന് അപേക്ഷ നൽകുന്നത്.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 1050 പേജുള്ള കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തുടർ നടപടികളിലാണ്. കുറ്റപത്രം സ്വീകരിച്ച ശേഷമാകും പകർപ്പ് കൈമാറുക. മേയ് 10ന് പുലർച്ചെ 4.30നാണ് പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദനയെ സർജിക്കൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി സന്ദീപ് ജയിലിലാണ്.

English Summary : Bail petition filed on Dr. Vandana Das murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com