സ്റ്റൈലായി തുറന്നു; ഷീലയുടെ ബ്യൂട്ടിപാർലർ
Mail This Article
ചാലക്കുടി (തൃശൂർ) ∙ ജയിൽവാസത്തിന്റെ ദുരന്തദിന ഓർമകളിൽ നിന്നു ഷീല സണ്ണി സുന്ദരമായ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. വ്യാജ ലഹരി മരുന്നു കേസിൽ പ്രതിയായി 72 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മോചിതയായ ഷീലയുടെ ബ്യൂട്ടിപാർലർ തുറന്നു. പഴയതിനു പകരം നോർത്ത് ജംക്‌ഷനിലെ അതേ കെട്ടിടത്തിലാണു ഷീ സ്റ്റൈൽ എന്ന പുതിയ പാർലർ.
ലഹരി സ്റ്റാംപ് കൈവശംവച്ചു എന്നു കാണിച്ചാണു ഷീലയെ എക്സൈസ് അറസ്റ്റു ചെയ്തത്. പിന്നീടു കോടതി ജാമ്യം അനുവദിച്ചു. ലഹരിമരുന്നു സ്റ്റാംപെന്നു പറഞ്ഞു എക്സൈസ് ഹാജരാക്കിയതു കടലാസു തുണ്ടുകളായിരുന്നു പിന്നീട് രാസപരിശോധനയിൽ ഇതു തെളിഞ്ഞു. വിവരം ഏറെ ദിവസം എക്സൈസ് രഹസ്യമാക്കി വച്ചു. പിന്നീട് പുറത്തു വന്നതോടെയാണു കോടതിയിൽ രേഖ നൽകി ഷീലയുടെ പേരിലെടുത്ത കേസ് എക്സൈസ് റദ്ദാക്കിയത്. തന്റെ ബന്ധുതന്നെയാണ് ഇതിനു പിറകിലെന്നു ഷീല സൂചിപ്പിച്ചെങ്കിലും ഇനിയും പൊലീസിനു തുമ്പുണ്ടാക്കാനായിട്ടില്ല. വ്യാജ സ്റ്റാംപ് വച്ചു എക്സൈസിനെ ചതിച്ചയാളെ കണ്ടെത്താനുമായില്ല.
മലപ്പുറം കൽപകഞ്ചേരി ആനപ്പറമ്പിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സംഘടന തണൽ ആണ് പുതിയ ബ്യൂട്ടി പാർലർ സജ്ജീകരിച്ചു നൽകിയത്. മാധ്യമങ്ങളും സമൂഹവും കരുത്തു പകർന്ന് ഒപ്പം നിന്നതുകൊണ്ടാണു ജീവിതത്തിലേക്കു തിരികെയെത്താനായതെന്നു ഷീല പറഞ്ഞു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
English Summary : Sheela sunny's beauty parlour reopened