ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ജയമുറപ്പാക്കണമെന്ന് രാഹുൽ; മുഴുവൻ സീറ്റും നേടുമെന്ന് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിന്ന് കേരളത്തിൽ വിജയമുറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കളുമായുള്ള ചർച്ചയിലാണ് രാഹുൽ ഈ നിർദേശം നൽകിയത്. തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ സംസ്ഥാനത്തു പാർട്ടിക്കു പുതിയൊരു രാഷ്ട്രീയ ആഖ്യാനം മുന്നോട്ടുവയ്ക്കാനുണ്ടാകണമെന്ന നിർദേശവും ഉയർന്നു. തിരഞ്ഞെടുപ്പു സമിതികൾ ഉടൻ തീരുമാനിക്കാനും ധാരണയായി. കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാനത്തു മുഴുവൻ സീറ്റുകളും നേടുമെന്നു യോഗത്തിനു ശേഷം നേതാക്കൾ പ്രതികരിച്ചു.
സംഘടനാപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും കുറ്റപ്പെടുത്തലുകൾക്കുള്ള വേദിയല്ല ഇതെന്നു സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞതോടെ നേതാക്കൾ സംയമനം പാലിച്ചു. എൻഎസ്എസ് വിഷയവും ഉയർന്നെങ്കിലും കാര്യമായ ചർച്ചയിലേക്കു കടന്നില്ല. വർഗീയത പടർത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടു വേണമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിലെ തിരഞ്ഞെടുപ്പു വിജയവും അദ്ദേഹം ഓർമിപ്പിച്ചു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരാണ് നേതാക്കളുമായി ആശയവിനിമയം നടത്തിയത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കു പുറമേ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, എംപിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. രമേശ് ചെന്നിത്തല ഓൺലൈനായി പങ്കെടുത്തു. മുതിർന്ന നേതാവ് എ.കെ.ആന്റണി ഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. മുൻ കെപിസിസി അധ്യക്ഷരായ വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിട്ടുനിന്നു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ശശി തരൂർ, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തർ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം.ലിജു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ ആലോചിക്കുന്നുണ്ടെങ്കിൽ പ്രചാരണത്തിന് അവർക്കു കുറഞ്ഞത് 3 മാസമെങ്കിലും സമയം അനുവദിക്കണമെന്നും ഇതിനായി സ്ഥാനാർഥി നിർണയം നേരത്തേ പൂർത്തിയാക്കണമെന്നും ശശി തരൂർ നിർദേശിച്ചു.
കുഴൽനാടൻ, ലിജു: പുതിയ പദവികൾക്ക് സാധ്യത
ന്യൂഡൽഹി ∙ കേരളത്തിലെ പുനഃസംഘടനാ നടപടികൾ സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിനു ഒക്ടോബറോടെ തന്നെ സജ്ജമാകാനും തീരുമാനം. മണ്ഡലതല പുനഃസംഘടന നടക്കാത്തതും ബൂത്ത് കമ്മിറ്റികൾ ആയില്ലെന്നതും വലിയ പോരായ്മയായി നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎമ്മും ബിജെപിയും സംസ്ഥാനത്തു സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയതും ചിലർ ചൂണ്ടിക്കാട്ടി. തുടർന്നാണ് പുനഃസംഘടന പൂർത്തിയാക്കാൻ പുതിയ സമയപരിധി തീരുമാനിച്ചത്.
ഇതിനിടെ, ഒഴിഞ്ഞുകിടക്കുന്ന ട്രഷറർ, വർക്കിങ് പ്രസിഡന്റ് പദവികളിലേക്കും സംഘടനാ ജനറൽ സെക്രട്ടറി പദത്തിലേക്കും ഉടൻ നിയമനം വന്നേക്കും. ട്രഷറർ സ്ഥാനത്തേക്കു മാത്യു കുഴൽനാടന്റെയും സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു എം.ലിജുവിന്റെയും പേരുകളാണു പരിഗണിക്കുന്നത്.
English Summary : Congress will win all the seats in Kerala