കരുവന്നൂർ: 125.83 കോടിയിൽ തിരിച്ചുപിടിച്ചത് 4449 രൂപ!
Mail This Article
തിരുവനന്തപുരം ∙ കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിൽ ബാങ്കിനുണ്ടായ 125.83 കോടി രൂപയുടെ നഷ്ടത്തിൽ ഇതുവരെ ഉത്തരവാദികളിൽനിന്നു തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം! ബാക്കി തുക തിരിച്ചു പിടിക്കാൻ തടസ്സം സർക്കാരിന് ഇവർ നൽകിയ അപ്പീൽ. അപ്പീലിൽ തീരുമാനമെടുക്കുന്നതുവരെ റവന്യു റിക്കവറി പാടില്ലെന്നു കോടതി നിർദേശിച്ചിരുന്നു. അപ്പീലിൽ തീരുമാനമെടുത്താൽ റവന്യു റിക്കവറിയുമായി മുന്നോട്ടുപോകാമെന്നിരിക്കെ, ഇതുവരെയും അതിനു സർക്കാർ തുനിഞ്ഞിട്ടില്ല.
നിയമസഭയിൽ മന്ത്രി വി.എൻ.വാസവനാണ് ചോദ്യത്തിനുത്തരമായി, തിരിച്ചുപിടിച്ച തുക വെളിപ്പെടുത്തിയത്. 25 പേരിൽനിന്നാണു 125.83 കോടി രൂപ ഈടാക്കേണ്ടത്. ഇവരിൽ ഒരാളാണ് 4449 രൂപ അടച്ചത്. 2 പേർ മരിച്ചതിനാൽ അവരുടെ അവകാശികളെ കക്ഷി ചേർക്കണം. 19 പേരാണു കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. എന്നാൽ സർക്കാരിൽ നൽകിയിട്ടുള്ള അപ്പീലിൽ തീർപ്പാകുന്നതുവരെ മാത്രമാണു റവന്യു റിക്കവറി നടപടി കോടതി തടഞ്ഞിട്ടുള്ളത്. അപ്പീലിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കുമെന്നു സഭയിൽ മന്ത്രി പറഞ്ഞു. റവന്യു റിക്കവറി റിപ്പോർട്ട് കൃത്യസമയത്തു സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary : Financial fraud in Karuvannur Cooperative Bank Rs 4449 out of Rs 125.83 crore was recovered