ദുരിതാശ്വാസനിധി കേസ്: ഇടക്കാല ഹർജി ലോകായുക്ത തള്ളി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ഹർജിക്കാരൻ ആർ.എസ്.ശശികുമാർ നൽകിയ ഇടക്കാല ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ലോകായുക്ത തള്ളി. ഹർജിക്കാരന്റെ അഭിഭാഷകനെ രൂക്ഷമായി വിമർശിച്ചാണു ഹർജി തള്ളിയത്.
കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി ഇപ്പോൾ ബാധകമല്ലെന്നും കേസിന്റെ നിലനിൽപു സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേൾക്കുമെന്ന നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ശശികുമാർ ഇടക്കാല ഹർജി ഫയൽ ചെയ്തത്. പഴയ ഉത്തരവ് അവഗണിച്ചു വീണ്ടും അന്വേഷിക്കാനാണോ തീരുമാനിക്കുന്നതെന്നു വ്യക്തമാക്കണമെന്നും ഇടക്കാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഈ കേസിലെ പ്രധാന ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി.
ഹർജിക്കാരൻ ചാനലുകളിൽ സംസാരിക്കുന്നതിനെ വിശേഷിപ്പിക്കാൻ ‘വായിൽ തോന്നിയത് പാട്ടെന്ന’ മട്ടിലുള്ള പ്രയോഗമാണ് ലോകായുക്ത നടത്തിയത്. ഇത്രയും മോശം വാദം ഇതിനു മുൻപ് ഒരു കേസിലും കേട്ടിട്ടില്ലെന്നും ലോകായുക്ത വിമർശിച്ചു. ഇടക്കാല ഹർജി നൽകിയത് കേസ് നീട്ടാനാണോ, ലോകായുക്തയുടെ സമയം കളയാനാണോ എന്നും ചോദ്യമുണ്ടായി. കേസ് നീട്ടിക്കൊണ്ടു പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പു ലക്ഷ്യമുണ്ടാകും. വാദിക്കാതെ കാര്യങ്ങൾ എഴുതി നൽകാം എന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കൾക്കു നാണമില്ലേ എന്നും ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് ചോദിച്ചു. ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിനു പകരം അഭിഭാഷകൻ സുബൈർ കുഞ്ഞാണ് ഇന്നലെ ഹാജരായത്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അഭിഭാഷകനെക്കൊണ്ടു വീണ്ടും മൂന്നംഗ ബെഞ്ച് വായിപ്പിച്ചു.
പുനഃപരിശോധനാ ഹർജി ഹൈക്കോടതി തന്നെ തള്ളിയ സ്ഥിതിക്കു ലോകായുക്തയിൽ നൽകിയ പുനഃപരിശോധനാ ഹർജിക്ക് എന്തു പ്രസക്തിയെന്നു ലോകായുക്ത ചോദിച്ചു. നിയമം അറിയില്ലെങ്കിൽ വീണ്ടും എൽഎൽബിക്കു പോകണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇനി എന്തു വ്യക്തതയാണു വേണ്ടതെന്നു ലോകായുക്ത ചോദിച്ചു. ഇടക്കാല ഹർജി തള്ളണോ അതോ പിൻവലിക്കുന്നുവോ എന്ന് ആരാഞ്ഞ ലോകായുക്ത, തങ്ങളെ കളിയാക്കാനാണോ ഹർജി കൊണ്ടുവന്നതെന്നും ചോദിച്ചു.
∙ ‘ കേസ് ശരിയായ ദിശയിൽ’
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി സർക്കാരിനു വേണ്ടി ഹാജരായി. ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉണ്ടായാൽ കേസിന്റെ സാധുത പരിശോധിക്കണം എന്നതാണു നിയമവശമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിക്കാൻ തീരുമാനിച്ചതു മന്ത്രിസഭാ യോഗമാണ്. അതു വ്യക്തിപരമായ തീരുമാനമല്ല. അതിനാൽ ഹർജി ലോകായുക്തയുടെ പരിധിയിൽ വരുന്നതാണോയെന്നു പരിശോധിക്കണം. കേസിന്റെ നടപടിക്രമങ്ങൾ ഇപ്പോൾ പോകുന്നതു ശരിയായ രീതിയിലാണ് . ലോകായുക്തയുടെ വിശാല ബെഞ്ച് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം. ഇടക്കാല ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു.
English Summary : Lokayukta rejected interim petition on Relief Fund case