ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്തയാൾ പുഴയിൽ വീണു
Mail This Article
വൈക്കം ∙ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാൾ മൂവാറ്റുപുഴയാറ്റിൽ വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിലാണ് സംഭവം.
മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്ന് ഏകദേശം 40നും 45നും ഇടയിൽ പ്രായം തോന്നിക്കുന്ന ആൾ ആറ്റിൽ വീണതായി റെയിൽവേ അധികൃതർ അറിയിച്ചു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലാണെന്ന് സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, കടുത്തുരുത്തി സ്റ്റേഷൻ ഓഫിസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയൻ, സ്കൂബ ടീം അംഗങ്ങളായ എച്ച്.ഹരീഷ്, മുജീബ്, ജോബിൻ കെ.ജോൺ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തിയത്.
English Summary : Passenger fell into the river while sitting on the steps of the train