ADVERTISEMENT

തിരുവനന്തപുരം ∙ പഴ്സീഡ് ഉൽക്കമഴ കാണാൻ കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. ശനിയാഴ്ച രാത്രിയും ഞായർ പുലർച്ചെയുമായി ഉൽക്കാവർഷത്തിന്റെ ദൃശ്യം കേരളത്തിലുൾപ്പെടെ കാണാനാകുമെന്നായിരുന്നു വാനനിരീക്ഷകർ അറിയിച്ചത്. തെളിഞ്ഞ ആകാശമുള്ള അപൂർവം ചിലയിടത്തു മാത്രമാണിതു ദൃശ്യമായത്. 

കുളത്തൂപ്പുഴയിൽനിന്നു പകർത്തിയ ചിത്രങ്ങൾ കൊല്ലം കൊട്ടാരക്കര ഐവർകാല സ്വദേശിയായ ജെ.ശരത് പ്രഭാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആസ്ട്രോ ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഇദ്ദേഹവും കൂട്ടുകാരും തിരുവനന്തപുരം നഗരത്തിൽനിന്നു പുലർച്ചെ ഒന്നരയോടെ കുളത്തൂപ്പുഴയിലെ ഒഴിഞ്ഞ മലമ്പ്രദേശത്ത് എത്തിയാണു ചിത്രം പകർത്തിയത്. ഓൺലൈനിൽ കാലാവസ്ഥാ മാപ് നോക്കിയാണു തെളിഞ്ഞ ആകാശമുള്ള പ്രദേശം കണ്ടെത്തിയത്. 

20 സെക്കൻഡ് ഷട്ടർ സ്പീഡിൽ ക്യാമറ സെറ്റ് ചെയ്തു മുക്കാൽ മണിക്കൂർ കൊണ്ട് 150 ആകാശദൃശ്യങ്ങൾ പകർത്തി. അതിൽ ആറെണ്ണത്തിൽ പാഞ്ഞുപോകുന്ന ഉൽക്കകളുടെ വെള്ളിച്ചിരി പതിഞ്ഞു. സ്റ്റാക്കിങ്ങിലൂടെ (പല ചിത്രങ്ങൾ യോജിപ്പിക്കുന്ന രീതി) ആറു ചിത്രങ്ങളും ഒന്നിപ്പിച്ച് ഒറ്റ ചിത്രമാക്കി ശരത് സമൂഹമാധ്യമത്തിലൂടെ പുറത്തു വിടുകയായിരുന്നു. 

പഴ്സീഡ് ഉൽക്കമഴ എല്ലാ വർഷവും

എല്ലാ വർഷവും ജൂലൈ, ഓഗസ്റ്റ് കാലയളവിൽ പഴ്സീഡ് ഉൽക്കാവർഷമുണ്ടാകും. സ്വിഫ്റ്റ് –ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രത്തിൽ നിന്നുള്ള പൊടിപടലങ്ങളും മഞ്ഞുമാണ് ഉൽക്കമഴയ്ക്കു കാരണമാകുന്നത്. എല്ലാ വർഷവും ഓഗസ്റ്റിൽ ഭൂമി സ്വിഫ്റ്റ് –ടട്ട്ലിന്റെ ഭ്രമണപഥം മുറിച്ചു പോകാറുണ്ട്. 133 വർഷങ്ങളെടുത്താണ് സ്വിഫ്റ്റ് –ടട്ട്ൽ സൂര്യനെ ഭ്രമണം ചെയ്യുന്നത്. 

സൗരയൂഥത്തിൽ തങ്ങിനിൽക്കുന്ന ഈ വാൽനക്ഷത്ര അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുമ്പോൾ കത്തും . ഇതാണ് ഉൽക്കാവർഷമായി കാണുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ നൂറു കിലോമീറ്റർ മുകളിലാണ് ഇവ കത്തിത്തീരുന്നത്. പഴ്സിയൂസ് നക്ഷത്രസമൂഹത്തിന്റെ ദിശയിൽ കാണപ്പെടുന്നതിനാലാണ് ഇവയ്ക്കു പഴ്സീ‍ഡ് എന്നു പേര്. 

English Summary: Perseid meteor shower in cloud cover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com