ADVERTISEMENT

തിരുവനന്തപുരം ∙ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥാവര വസ്തുക്കൾ കടബാധ്യത കാരണം ജപ്തി ചെയ്യുമ്പോൾ, നിശ്ചിത തുകയ്ക്ക് ലേലം കൊള്ളാൻ ആളില്ലാതെ വന്നാൽ അതു സർക്കാരിന് ഒരു രൂപയ്ക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 1968ലെ കേരള റവന്യു റിക്കവറി നിയമം ഭേദഗതി ചെയ്യുന്നു. ലേലം കൊള്ളാൻ ആളില്ലാതെ വന്നാലും അഞ്ചു വർഷത്തിനകം കുടിശിക അടച്ച് വസ്തു സ്വന്തമാക്കാൻ ഉടമയ്ക്ക് അവസരമുണ്ടാകും. ഈ കാലയളവിനു ശേഷമാകും പൂർണമായി സർക്കാർ ഏറ്റെടുക്കുക. 

കടബാധ്യത സർക്കാരിനോടാണെങ്കിൽ ഏറ്റെടുക്കാൻ സർക്കാരിനു തീരുമാനമെടുക്കാം. മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി സർക്കാർ റവന്യു റിക്കവറി നടപടി നടത്തുന്ന വസ്തുക്കളുടെ കാര്യത്തിൽ അവരുടെ അനുമതിയോടെ സർക്കാരിനു നടപടി സ്വീകരിക്കാം. കേരള റവന്യു റിക്കവറി നിയമത്തിലെ 50–ാം വകുപ്പിൽ ഇതിനായി വ്യവസ്ഥ ഉൾപ്പെടുത്തും. ഇങ്ങനെ സർക്കാരിലേക്ക് ഏറ്റെടുക്കുന്ന വസ്തുക്കളെ ‘bought in land’ എന്നാണു നിയമത്തിൽ വിശേഷിപ്പിക്കുന്നത്. സർക്കാരിന് ഏറ്റെടുക്കാമെന്നു നേരത്തേ നിയമത്തിൽ പരാമർശം ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ വ്യക്തത വരുത്തി കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ ഭേദഗതി. 

റവന്യു റിക്കവറിക്കായി വസ്തുക്കൾ ജപ്തി ചെയ്യുമ്പോൾ, വസ്തു ഉടമയും അദ്ദേഹത്തിനു ബാധ്യത ഉള്ള സ്ഥാപനവും തമ്മിലുള്ള കരാറിൽ നിശ്ചയിച്ചതിനെക്കാൾ കൂടിയ പലിശ ഈടാക്കാൻ പാടില്ല. കരാറിൽ ഇപ്രകാരം വ്യവസ്ഥ ഇല്ലെങ്കിൽ ഈടാക്കാവുന്ന പലിശയുടെ പരിധി 9% ആയി പരിമിതപ്പെടുത്തും. നിലവിൽ 18% വരെ പലിശ ഈടാക്കുന്ന സ്ഥിതിയുണ്ട്. റവന്യു വകുപ്പ് തയാറാക്കിയ നിയമഭേദഗതിയുടെ കരട് നിയമവകുപ്പും അംഗീകരിച്ചു. മുഖ്യമന്ത്രി കൂടി അംഗീകരിച്ച ശേഷം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും. തുടർന്നു നിയമസഭയിൽ ബിൽ അവതരിപ്പിക്കും. അല്ലെങ്കിൽ ഓർഡിനൻസ് പുറത്തിറക്കും. 

സർക്കാർ സ്റ്റേ പുനഃസ്ഥാപിക്കും

റവന്യു റിക്കവറി കുടിശികയായ കേസുകളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ സ്റ്റേ നൽകാനും ഗഡുക്കൾ അനുവദിക്കാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്ന ഭേദഗതിയും കൊണ്ടുവരും. 25,000 രൂപ മുതൽ 10 ലക്ഷം രൂപയ്ക്കു മുകളിൽ വരെ ഉള്ള കേസുകളിൽ ഇങ്ങനെ ഗഡുകൾ അനുവദിക്കാൻ തഹസിൽദാർ, ജില്ലാ കലക്ടർ, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അധികാരം നൽകി 2017ൽ സർക്കാർ ഇറക്കിയ ഉത്തരവിനു നിയമപ്രാബല്യമില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. 

English Summary: Reforming attachment Law; If there are no bidders, the property will be taken over by the government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com