ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സർവേ തുടങ്ങി
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് കേരളത്തിൽ രഹസ്യ സർവേകൾ ആരംഭിച്ചു. എഐസിസിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ടീം നിയോഗിച്ചവരാണ് ഇതു ചെയ്യുന്നത്. 20 മണ്ഡലങ്ങളും ഈ സംഘാംഗങ്ങൾ സന്ദർശിക്കുന്നുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി വിജയകരമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ദേശ വ്യാപക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് കേരളത്തിലെ സർവേ.
മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി, നിലവിലെ എംപിക്കുള്ള ജനസമ്മതി, സ്ഥാനാർഥിത്വ സാധ്യത, സാമൂഹിക ഘടകങ്ങൾ, തിരഞ്ഞെടുപ്പ് തയാറെടുപ്പ്, ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവയാണ് പ്രധാനമായും ഈ സർവേയുടെ ഭാഗമായി സമാഹരിക്കുന്നത്. ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലും പൊതുവായ സ്ഥിതി അവലോകനം ചെയ്യും. പൊതു രാഷ്ട്രീയ സാഹചര്യവും യുഡിഎഫിനുള്ള സാധ്യതയും വിശകലനം ചെയ്യാൻ ഉതകുന്ന വിവരങ്ങളും സമാഹരിക്കുന്നു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കേണ്ട പ്രധാന വിഷയങ്ങൾ എന്തായിരിക്കണമെന്നതും സർവേയുടെ ലക്ഷ്യമായിരിക്കുമെന്ന് എഐസിസി നിശ്ചയിച്ചിട്ടുണ്ട്. കർണാടകയിൽ മുൻ ബിജെപി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്ന പ്രചാരണരീതി മുൻകൂട്ടി തീരുമാനിക്കുകയും ഫലപ്രദമായി നടപ്പാക്കുകയുമാണ് ചെയ്തത്. സർവേ ടീമും കെപിസിസിയുമായി നിലവിൽ ഏകോപനമില്ല. സ്വതന്ത്ര റിപ്പോർട്ട് എഐസിസിക്കാകും കൈമാറുക.
കേരളത്തിലെ 25 അംഗ നേതൃസംഘവുമായി ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലും കനുഗോലു പങ്കെടുത്തിരുന്നു. അതിനുശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വസതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ എംപിമാരുടെ മാത്രമായ യോഗവും ചേർന്നു. ഓരോ മണ്ഡലത്തിന്റെയും സ്ഥിതി ഈ യോഗത്തിൽ വിശദ ചർച്ചയ്ക്കു വിധേയമാക്കി. സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കാനായി കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള കലണ്ടറും തീരുമാനിച്ചാണ് പിരിഞ്ഞത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിൽ അതിനു ശേഷം നേതാക്കളും പാർട്ടിയും വ്യാപൃതരായെങ്കിലും ലോക്സഭാ തയാറെടുപ്പിനെ അതു ബാധിക്കരുതെന്നാണ് പാർട്ടി നിർദേശം.
പുതുപ്പള്ളിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ഉന്നത നേതാക്കൾ പുതുപ്പള്ളിയുടെ സ്ഥിതി രണ്ടു മണിക്കൂറോളം പ്രത്യേകമായി അവലോകനം ചെയ്തു. ഈ യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ദിവസവും രാത്രി 9 മണിക്ക് അവലോകനയോഗം ചേരാനാണ് ധാരണ.
English Summary : Lok Sabha Elections, Congress started the survey