ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി വേണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി (സിസി) തീരുമാനിച്ചു. പദ്ധതി എത്രയും വേഗം ഉപേക്ഷിക്കണമെന്നും നിർദേശിച്ചു. ഇതോടെ കേരളത്തിൽ ഇതു നടപ്പാക്കാനുള്ള സാധ്യത ഇല്ലാതായി. വൈദ്യുതി വിതരണ, പ്രസരണ മേഖലകൾ നവീകരിക്കാനുള്ള കേന്ദ്രപദ്ധതി സംസ്ഥാനത്തു നടപ്പാക്കാനുള്ള മുഖ്യ ഉപാധിയാണ് സ്മാർട് മീറ്റർ. ഇതു നടപ്പാക്കിയാലേ 9000 കോടി രൂപ കേന്ദ്ര ഗ്രാന്റ് ലഭിക്കൂ. രാഷ്ട്രീയ അനുമതിയിൽ അനിശ്ചിതത്വമുണ്ടായതോടെ 3 മാസത്തെ സാവകാശം തേടി മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂലൈ ഒടുവിൽ കേന്ദ്രസർക്കാരിനു കത്തെഴുതിയിരുന്നു. പദ്ധതി നടപ്പാക്കാനാകാത്ത സാഹചര്യത്തിൽ ഈ ഗ്രാന്റ് നഷ്ടമാകും.

മോദി സർക്കാരിന്റെ സമ്മർദ ഫലമായി പല സംസ്ഥാനങ്ങളും സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ നിർബന്ധിതമാകുന്നതായി ഈ മാസം 4 മുതൽ 6 വരെ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ‘ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപറേറ്റുകളുടെ കയ്യിലേക്കു വൈദ്യുതി വിതരണം പൂർണമായും മാറുകയും സാധാരണക്കാർക്കും കൃഷിക്കാർക്കും വലിയ ബാധ്യത വരികയും ചെയ്യും. ഈ ഭവിഷ്യത്തു കണക്കിലെടുത്ത് പദ്ധതി റദ്ദാക്കണം’– സിസി നിർദേശിച്ചു. ജൂൺ 26നു ചേർന്ന പൊളിറ്റ്ബ്യൂറോ യോഗവും പദ്ധതിയോടു വിയോജിച്ചിരുന്നു.

ടോട്ടക്സ് (ടോട്ടൽ എക്സ്പെൻഡിച്ചർ) മാതൃകയിൽ സംസ്ഥാനത്തു 37 ലക്ഷം സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് കേരളം ആദ്യം തയാറാക്കിയത്. കരാർ കമ്പനി സ്വന്തം ചെലവിൽ മീറ്റർ സ്ഥാപിച്ചു പരിപാലിക്കുകയും ഉപയോക്താക്കളിൽനിന്നു ഗഡുക്കളായി തുക തിരിച്ചുപിടിക്കുകയും ചെയ്യുന്ന പദ്ധതിയെ സിഐടിയു അടക്കമുളള യൂണിയനുകളും ഒരു വിഭാഗം സിപിഎം നേതാക്കളും എതിർത്തത്തോടെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ബദൽ മാർഗം തേടിയിരുന്നു. എന്നാൽ, ടോട്ടക്സ് മാതൃക തന്നെ നടപ്പാക്കണമെന്നു കേന്ദ്ര ഊർജ മന്ത്രാലയം ഒരാഴ്ച മുൻപും കേരളത്തോട് ആവശ്യപ്പെട്ടു. ഈ മാതൃക സിപിഎം പൂർണമായും തള്ളിക്കളയുകയാണ്. പ്രസരണ നഷ്ടം കുറയ്ക്കുന്നത് അടക്കമുളള കേന്ദ്ര നിർദേശങ്ങൾ പാലിക്കുന്ന കേരളത്തിനു മേൽ സ്മാർട് മീറ്റർ പദ്ധതിയുടെ പേരിൽ ഉപാധികൾ അടിച്ചേൽപിക്കുന്നത് സ്വകാര്യകുത്തകകൾക്കു വേണ്ടി മാത്രമാണെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.

പദ്ധതിയിൽ ഉറച്ച് മന്ത്രി; മുഖ്യമന്ത്രിയുടെ യോഗം 25ന്

പദ്ധതി ഉപേക്ഷിക്കുന്നതു വൻ തിരിച്ചടിയാകുമെന്നും എത്രയും വേഗം അനിശ്ചിതത്വം തീർക്കണമെന്നുമാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിലപാട്. മന്ത്രിയുടെ അഭ്യർഥനപ്രകാരം തുടർനടപടികൾ‌ ചർച്ച ചെയ്യാൻ 25നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. അതേസമയം, പദ്ധതി വേണ്ടെന്ന സിസി തീരുമാനം സംസ്ഥാനം അനുസരിക്കുമെന്നു സിപിഎം നേതാക്കൾ വ്യക്തമാക്കി. കേരള നേതൃത്വത്തെ അറിയിച്ചു തന്നെയാണ് കേന്ദ്രകമ്മിറ്റി തീരുമാനമെന്നും അവർ പറഞ്ഞു.

English Summary: KSEB smart metre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com