കൈതോലപ്പായ പണം കടത്ത്: അന്വേഷണം തേടി കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ കൊച്ചി ദേശാഭിമാനി ഓഫിസിൽ സ്വരൂപിച്ച 2.38 കോടി രൂപ കൈതോലപ്പായയിൽ കെട്ടി തിരുവനന്തപുരത്തേക്കു കടത്തിയതിൽ ഉൾപ്പെട്ടവരുടെ പേരുകൾ കൂടി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബെന്നി ബഹനാൻ എംപിയുമാണു വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയത്.
പണം കടത്തുമായി ബന്ധപ്പെട്ട് ആരുടെയും പേരുകൾ വെളിപ്പെടുത്താതെയുള്ള ശക്തിധരന്റെ ആദ്യ ഫെയ്സ്ബുക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ബെന്നി ബഹനാൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ കൂടുതലൊന്നും പറയാനില്ലെന്ന നിലപാടാണു ശക്തിധരൻ സ്വീകരിച്ചത്. ഇതോടെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് റജിസ്റ്റർ ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും പി.രാജീവിന്റെയും പേരുകൾ ഉൾപ്പെടുത്തി ശക്തിധരൻ പുതിയ കുറിപ്പിട്ടത്.
ഇത്രയും ഗുരുതരമായ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായിട്ടില്ലെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഗൗരവമുള്ള ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. പണം കടത്തിയ ഉന്നതരുടെ പേരുകൾ ആ സംഭവത്തിനു സാക്ഷിയായിരുന്ന ആൾ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പൊലീസ് പരാതി എഴുതിത്തള്ളാതെ വിശദമായ അന്വേഷണം നടത്തണമെന്നു ബെന്നി ബഹനാനും അഭിപ്രായപ്പെട്ടു.
സുരേന്ദ്രൻ രാത്രി പിണറായിയുടെ കാലുപിടിക്കും: വി.ഡി.സതീശൻ
കോട്ടയം ∙ മുഖ്യമന്ത്രിയുടെ വലംകയ്യാണു പ്രതിപക്ഷ നേതാവ് എന്നാരോപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു മാസപ്പടി വിവാദം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ധൈര്യമുണ്ടോയെന്നു വി.ഡി.സതീശൻ. രാത്രിയാകുമ്പോൾ പിണറായിയുടെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണു തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. കുഴൽപണക്കേസിൽ നിന്ന് സുരേന്ദ്രനും മകനും രക്ഷപ്പെട്ടത് എങ്ങനെയാണെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ മാസപ്പടി ആരോപണം ഉൾപ്പെടെ 6 പ്രധാന അഴിമതി ആക്ഷേപങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ജനങ്ങളുമായി ഇക്കാര്യങ്ങൾ സംവദിക്കുമെന്നും സതീശൻ പറഞ്ഞു.
ശക്തിധരന്റെ ആരോപണത്തിൽ കേസെടുക്കണം: കെ.സുരേന്ദ്രൻ
കോട്ടയം ∙ മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നു തന്നെയാണു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി പി.രാജീവ് കൈതോലപ്പായയിൽ പണം കടത്തിയതെന്ന ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം ഗുരുതരമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ ശശിധരൻ കർത്തായുടെ കരിമണൽ കമ്പനിയിൽ നിന്നു നേരത്തേയും പണം വാങ്ങിയിട്ടുണ്ടെന്നു ബോധ്യമായ സാഹചര്യത്തിൽ കേസെടുക്കാൻ പൊലീസ് തയാറാവണം. മാത്യു കുഴൽനാടനെതിരെ അന്വേഷണം നടത്തുന്ന പൊലീസ്, പുനർജനി തട്ടിപ്പുകേസിൽ വി.ഡി.സതീശനെതിരെ അന്വേഷണം നടത്താത്തത് ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
English Summary: Money laundering: Congress seeks probe