സിൽവർലൈൻ വിജ്ഞാപനത്തിന് മൂന്നാണ്ട്; ആശങ്ക ഒഴിയാതെ ഭൂവുടമകൾ
Mail This Article
കോഴിക്കോട്∙ സിൽവർലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് ഇന്നലെ മൂന്നു കൊല്ലം തികഞ്ഞു. പദ്ധതിയിൽ നിന്നു പിൻമാറുകയാണെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ഇപ്പോഴും റദ്ദാക്കാത്തതിനാൽ ഭൂവുടമകൾ ആശങ്കയിലാണ്. അലൈൻമെന്റ് പ്രദേശത്തെ ഭൂവുടമകൾക്കു ഭൂമി കൈമാറ്റം ചെയ്യാനോ വായ്പയ്ക്ക് അപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഈ പ്രദേശത്തു കെട്ടിടങ്ങളുണ്ടാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുന്നുമില്ല. 2020 ഓഗസ്റ്റ് 18നാണു സിൽവർലൈനിനായി സ്ഥലമെടുപ്പു വിജ്ഞാപനം ഇറങ്ങിയത്. അന്നു മുതൽ ഭൂവുടമകൾ ആശങ്കയിലാണ്.
വിജ്ഞാപനത്തിന്റെ വാർഷികം പ്രമാണിച്ചു സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്നലെ കരിദിനം ആചരിച്ചു. 1051 ദിവസമായി കെ റെയിൽ വിരുദ്ധസമരം തുടരുന്ന കാട്ടിലപ്പീടികയിൽ സമര പോരാളികൾ ഒത്തു ചേർന്നു. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലേതു പോലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും സിൽവർലൈൻ വിരുദ്ധ പ്രചാരണവുമായി മണ്ഡലത്തിലെ എല്ലാ വീടുകളും സന്ദർശിക്കുമെന്നു സമര സമിതി സംസ്ഥാന വൈസ് ചെയർമാൻ ടി.ടി.ഇസ്മായിൽ പറഞ്ഞു. സുനീഷ് കീഴാരി, സമിതി കൺവീനർ മൂസക്കോയ, ദിനേശൻ കോരപ്പുഴ, ഫാറൂഖ് കമ്പായത്തിൽ, നസീർ ന്യൂജല്ല, ജഫ്ന കാപ്പാട് എന്നിവർ പ്രസംഗിച്ചു.
English Summary : Three years since the Silverline notification