ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യും മുൻപേ ഗ്രാന്റായി 22.5 കോടി രൂപ നൽകാൻ കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ അർബൻ ഡിജിറ്റൽ മിഷൻ തീരുമാനിച്ചു. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്യുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോമിന്റെ ഡവലപ്മെന്റും ലക്ഷ്യങ്ങളും പുരോഗതിയും വിലയിരുത്തിയാണു നടപടി. 

ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ച് ഉത്തരവായി. ലോഞ്ച് ചെയ്യും മുൻപേ മികച്ച നേട്ടമാണ് കെ സ്മാർട്ട് സ്വന്തമാക്കിയതെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഐകെഎമ്മിനെയും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിനെയും കെ സ്മാർട്ട് ഡവലപ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു.

നഗരപ്രദേശങ്ങളിലെ ഭരണനിർവഹണവും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും പൂർണമായും കംപ്യൂട്ടർവൽക്കരിക്കാനും അതിവേഗം സേവനം ലഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻയുഡിഎം പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാനുള്ള 9 മൊഡ്യൂളുകളോടെ നവംബർ ആദ്യം കെ സ്മാർട്ട് ലോഞ്ച് ചെയ്യും. കൂടുതൽ സേവനങ്ങൾ തുടർന്നു ചേർക്കും. 

കെ സ്മാർട്ട് നടപ്പാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്കായി വികസിപ്പിച്ച  സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളെയെല്ലാം ഒറ്റ ആപ്ലിക്കേഷനായി സമന്വയിപ്പിച്ച് ഒറ്റ സൈൻ ഓണും ഒരു ഡാഷ്‌ബോർഡും വഴി സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. 

മൈക്രോ സർവീസ് ആർക്കിടെക്ചറിൽ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിൽ ഐകെഎം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ് കെ-സ്മാർട്ട്.

English Summary : Central government grant to K Smart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com