ADVERTISEMENT

കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് എബിൻ ഏബ്രഹാം, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.

തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിന്റെ അതേ ബാച്ചുകാർക്ക് ഇതിനിടയിൽ എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിനിടയിലാണു 2033 വരെ സർവീസ് ബാക്കിയുള്ള ജി.ലക്ഷ്മണിനെ സാമ്പത്തിക തട്ടിപ്പു കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമ‌ാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

നോട്ടിസ് പ്രകാരം ഇന്നലെ രാവിലെ 11 മണിക്കു തന്നെ ഐ‌‌ജി ലക്ഷ്മൺ ക‌ളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായി. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രി 7ന് അറസ്റ്റ് രേഖപ്പെടുത്തി. ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും. ലക്ഷ്മൺ സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കും.

ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഘട്ടത്തിലാണു ലക്ഷ്മൺ കേസിലെ മുഖ്യപ്രതി മോൻസനുമായി അടുപ്പമുണ്ടാക്കിയത്. മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഐജി ലക്ഷ്മൺ നേരിട്ടു പങ്കാളിയായതാണു കേസിൽ പ്രതിയാവാൻ കാരണം. 2017 മുതൽ മോൻസനുമായി അടുപ്പമുണ്ടായിരുന്നു. തട്ടിപ്പുകളെ കുറിച്ചും ബോധ്യമുണ്ടായിരുന്നു. ലക്ഷ്മൺ വഴി മോൻസൻ പരിചയപ്പെട്ട ഹൈദരാബാദ‌് സ്വദേശിയായ യുവതിയും അന്വേഷണ പരിധിയിലുണ്ട്.

ഇടനിലക്കാരിയായ ഇവരുമായി ലക്ഷ്മണിന് അടുത്തബന്ധമുണ്ട്. യാക്കൂബ് പുറായിൽ, എം.ടി. ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, ഷാനിമോ‌ൻ എന്നിവർ നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൾഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കൾ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി മോൻസൻ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സം പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതിക്കാരുടെ മൊഴി. ഈ കേസിലെ പ്രതികൾ നൽകിയ ഉറപ്പിൽ വീണ്ടും 25 ലക്ഷം രൂപ നൽകി. തട്ടിപ്പു ബോധ്യപ്പെട്ടപ്പോൾ ഇവർ പരാതി നൽകുകയായിരുന്നു.

English Summary: IG G Lakshman arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com