ADVERTISEMENT

ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകുന്നതിനു ഗുജറാത്തിലെ കോടതികൾ കാരണം വ്യക്തമാക്കിയില്ലെന്നാണു സുപ്രീം കോടതി വിമർശിച്ചത്. അതേസമയം വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനുള്ള ശിക്ഷ മരവിപ്പിക്കുന്നതിനു കേരള ഹൈക്കോടതി പറഞ്ഞ കാരണങ്ങളിലാണു സുപ്രീം കോടതി പിഴവു കണ്ടെത്തിയത്.

ഹൈക്കോടതിയുടെ നടപടി റദ്ദാക്കുക മാത്രമാണു സുപ്രീം കോടതി ചെയ്തതെങ്കിൽ ഫൈസൽ‍ വീണ്ടും പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാകുമായിരുന്നു. എന്നാൽ, ഹൈക്കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും ആദ്യം മുതൽ പരിഗണിച്ചു തീരുമാനമെടുക്കാൻ നിർദേശിച്ചതു താൽക്കാലിക ആശ്വാസമായി. 

ഇനിയുള്ള കോടതി നടപടികൾ ഫൈസലിന് അനുകൂലമല്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല. കാരണം, ലോക്സഭയുടെ അവശേഷിക്കുന്ന കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണു ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ.

വധശ്രമക്കേസിൽ ഫൈസലിനെ വിചാരണക്കോടതി ശിക്ഷിച്ചതിനു പിന്നാലെ അയോഗ്യത സംബന്ധിച്ച് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനമിറങ്ങി; ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പിനു തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവു വന്നപ്പോഴാണു കമ്മിഷൻ പിൻമാറിയത്. ലോക്സഭാപ്രവേശനത്തിനായി ഫൈസൽ സുപ്രീം കോടതിയെ സമീപിക്കുംവരെ സഭാ സെക്രട്ടേറിയറ്റ് കാത്തിരുന്നു.

ഉപതിരഞ്ഞെടുപ്പു ചെലവും പുതിയ എംപിക്ക് 15 മാസത്തിൽ താഴെ സമയമേ കാലാവധി ഉണ്ടാവുകയുള്ളു എന്നതുമാണു ഫൈസലിന്റെ കാര്യത്തിൽ ഹൈക്കോടതി കണക്കിലെടുത്ത പ്രധാനകാരണങ്ങൾ. എന്നാൽ, നേരത്തേ അപ്പീൽ പരിഗണിച്ചപ്പോൾതന്നെ ഈ കാരണങ്ങളിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധിയായിരിക്കുകവെന്നതു മൗലികാവകാശമാണോയെന്ന ചോദ്യവും അപ്പോൾ കോടതി ഉന്നയിച്ചു.

അത്യപൂർവമായ കേസാണു ഫൈസലിന്റേത് എന്നാണു ഹൈക്കോടതി വിലയിരുത്തിയത്. എന്നാൽ, സുപ്രീം കോടതി നേരത്തേ നൽകിയിട്ടുള്ള വിധികൾ കണക്കിലെടുത്തു ഹൈക്കോടതി ശരിയായ രീതിയിൽ കേസിനെ സമീപിക്കേണ്ടിയിരുന്നുവെന്നാണു ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞത്.

English Summary: Lakshadweep MP Muhammad Faizal: murder attempt case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com