ADVERTISEMENT

കോട്ടയം ∙ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ഒ.സതിയമ്മ ഭർത്താവ് രാധാകൃഷ്ണനോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നിൽ ആരംഭിച്ച സമരത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ സമരത്തിനെത്തി.

ജോലിയിൽ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായും ഡയറക്ടറുമായും ചർച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തിരിച്ചെടുത്തില്ലെങ്കിൽ അവർക്കു വേറെ ജോലി നൽകുന്നതിനു സംവിധാനമൊരുക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സമരസ്ഥലത്തേക്കു പ്രകടനം നടത്തി. പ്രവർത്തകർ ആശുപത്രിവളപ്പിലേക്ക് ഇരച്ചുകയറി. എംപിമാരായ ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം, ബിന്ദു കൃഷ്ണ, കുഞ്ഞ് ഇല്ലംപള്ളി, സിബി ജോൺ കൊല്ലാട് എന്നിവർ പ്രസംഗിച്ചു. 

കാസർകോട്ട് സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ശരത്‌ ലാലിന്റെ പിതാവ് സത്യനാരായണൻ, അമ്മ ലത, സഹോദരി അമൃത എന്നിവരും പിന്തുണയുമായെത്തി. ഉച്ചയ്ക്ക് ഒന്നിന് വെറ്ററിനറി ആശുപത്രിയുടെ പ്രവർത്തനം അവസാനിച്ചതോടെ നിർത്തിയ സമരം ഇന്നും തുടരുമെന്നു സതിയമ്മ അറിയിച്ചു. ഇവർക്കു ജോലി കിട്ടുംവരെ എല്ലാ മാസവും 8000 രൂപ നൽകാൻ സൗദിയിലുള്ള മലയാളി വ്യവസായി സൗകര്യമൊരുക്കി.

സതിയമ്മ ജീവിച്ചിരുന്നില്ലെന്ന് വരെ സിപിഎം സ്ഥാപിക്കും: സതീശൻ

കോട്ടയം∙ ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് ഒരു സ്ത്രീയെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടതു സ്റ്റാലിനിസമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സതിയമ്മയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.ഒ.സതിയമ്മ എന്നൊരാൾ ഇവിടെ ജീവിച്ചിരുന്നില്ലെന്നു വേണമെങ്കിൽ സിപിഎം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അസഹിഷ്ണുതയുടെ പേരിൽ ഒരു കുടുംബത്തിന്റെ ആകെയുള്ള വരുമാനമാണ് ഇല്ലാതാക്കിയത്. 

സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങാതെ സർക്കാർ മനുഷ്യത്വം കാണിക്കണം. ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരി സാങ്കേതികത്വം നോക്കി ഭരണം നടത്തിയിരുന്ന ആളല്ല. ഈ നാടു മുഴുവൻ അദ്ദേഹത്തെ സ്നേഹിക്കുന്നതിന്റെ കാരണവും അതാണ്– സതീശൻ പറഞ്ഞു.

English Summary: Political debate over dismissal controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com