സിപിഎം ഓഫിസ് നിർമാണം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, വർഗീസിനെതിരെ കോടതിയലക്ഷ്യക്കേസ്
Mail This Article
കൊച്ചി ∙ വിലക്കു മറികടന്ന് ഇടുക്കി ശാന്തൻപാറയിൽ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്ന സിപിഎം, കോടതിയുടെ ഉത്തരവു ലംഘിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതി. പാർട്ടി നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ കെട്ടിടം ഉപയോഗിക്കുന്നതു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലക്കി.
മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ‘വൺ എർത്ത്, വൺ ലൈഫ്’ നൽകിയതുൾപ്പെടെ ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണു പാർട്ടി ഓഫിസിന്റെ അനധികൃത നിർമാണം ചർച്ചയായത്.
നിയമവിരുദ്ധ നിർമാണം കോടതി തടഞ്ഞിട്ടും അറിഞ്ഞില്ലെന്നു പാർട്ടി വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി നേരത്തേ തന്നെ കേസിൽ കക്ഷിയാണ്. പണി തുടർന്നപ്പോൾ, ബുധനാഴ്ച രാവിലെ 10.30നു വില്ലേജ് ഓഫിസർ മുഖേന കലക്ടർ നൽകിയ മെമ്മോയിൽ തന്നെ ഇടക്കാല ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ തുടർനടപടികൾക്കായി റജിസ്ട്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ശാന്തൻപാറയിലെ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം തടയാൻ ചൊവ്വാഴ്ചയാണു കോടതി കലക്ടർക്കു നിർദേശം നൽകിയത്. ഉത്തരവിന്റെ പകർപ്പ് പുറത്തിറങ്ങുന്നതിനു മുൻപ് ചൊവ്വാഴ്ച രാത്രി തന്നെ ജോലിക്കാരെ നിർത്തി സിപിഎം കെട്ടിടനിർമാണം പൂർത്തിയാക്കിയതായി ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. ഒറ്റരാത്രി കൊണ്ടു ടൈൽ വിരിക്കുന്ന ജോലി വരെ പൂർത്തിയാക്കിയെന്നും ജില്ലയിലെ ബഹുഭൂരിപക്ഷം നിർമാണത്തൊഴിലാളികളെയും എത്തിച്ചായിരുന്നു പണിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഉത്തരവു ലംഘിച്ചിട്ടില്ലെന്നും ബുധനാഴ്ച രാവിലെ 10.30നു വില്ലേജ് ഓഫിസർ മുഖേന കലക്ടർ നൽകിയ സ്റ്റോപ് മെമ്മോ ലഭിച്ച ശേഷം നിർമാണം നടത്തിയിട്ടില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേസിലെ കക്ഷിക്ക് ഉത്തരവു ലംഘിച്ചു പണി തുടരാൻ കഴിയുന്നത് എങ്ങനെയാണെന്നു ചോദിച്ചാണു കോടതി കോടതിയലക്ഷ്യക്കേസിലേക്കു കടന്നത്.
∙ ‘ശാന്തൻപാറയിൽ സിപിഎം ഓഫിസ് നിർമാണത്തിൽ കോടതിയലക്ഷ്യം നടത്തിയിട്ടില്ല. ഇന്നലെ രാവിലെ 10നാണ് ഉത്തരവുകൾ കിട്ടിയത്. അതിനുശേഷം നിർമാണം നടന്നിട്ടില്ല. സിപിഎമ്മിന് ഇക്കാര്യത്തിൽ ഉത്കണ്ഠയില്ല. മാത്യു കുഴൽനാടൻ വിഷയം മൂടിവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ വിഷയം ഇപ്പോൾ പൊങ്ങിവന്നത്. കേസെടുത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. കോടതിയിൽ ഉടൻ വിശദീകരണം നൽകും. ഏതന്വേഷണവും നേരിടാൻ തയാറാണ്.’ – സി.വി.വർഗീസ് (സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി)
English Summary: Construction of party office in defiance of High Court order: Contempt of court case against CPM Idukki secretary