സൗജന്യ കിറ്റ് കിട്ടിയത് 10% പേർക്കു മാത്രം
Mail This Article
തിരുവനന്തപുരം ∙ ഓണത്തിനു 2 ദിവസം മാത്രം ശേഷിക്കെ റേഷൻ കടകൾ വഴി മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് നൽകിയത് 10% പേർക്കു മാത്രം. ആകെ 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകളിൽ 62,147 പേർക്കു വിതരണം ചെയ്തതായാണ് ഇന്നലെ വരെയുള്ള കണക്ക്. കടകളിലെത്തിയ പലരും നിരാശരായി മടങ്ങി.
ഇന്നും നാളെയുമായി വിതരണം പൂർത്തിയാക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മിൽമയുടെ പായസം മിക്സും ‘ശബരി’ ബ്രാൻഡ് കറി പൗഡറുകളിൽ ചിലതും സമയത്തിനു ലഭിക്കാത്തതാണു പ്രശ്നമെന്നു ഭക്ഷ്യ, പൊതുവിതരണ വകുപ്പ് പറയുന്നു. ഇവയ്ക്കു പകരം പൊതുവിപണിയിൽ നിന്നു സാധനങ്ങൾ വാങ്ങി കിറ്റിൽ ഉൾപ്പെടുത്താൻ നിർദേശം നൽകി. എന്നാൽ, 2 ദിവസത്തിനകം ഇതെല്ലാം കഴിയുമോ എന്നാണ് ആശങ്ക.
ഇന്നും നാളെയും റേഷൻ കടകൾ ഉച്ച നേരത്തെ ഇടവേളയില്ലാതെ പ്രവർത്തിപ്പിക്കാൻ വ്യാപാരികളോട് അഭ്യർഥിച്ചിട്ടുണ്ട്. സഹകരിക്കാമെന്നും എന്നാൽ എത്രയും വേഗം കിറ്റ് എത്തിക്കണമെന്നുമാണ് വ്യാപാരികളുടെ നിലപാട്.
ക്ഷേമസ്ഥാപന അന്തേവാസികൾക്കുള്ള വിതരണം 50% പൂർത്തീകരിച്ചു. 136 ആദിവാസി ഊരുകളിൽ അൻപതിടത്തും വിതരണം പൂർത്തിയായി. ബാക്കി ഇന്നു പൂർത്തിയാക്കുമെന്നും മന്ത്രി അനിൽ അറിയിച്ചു.
English Summary : Only for 10% people got free onam kit